അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, അക്രമി 14 കാരനായ വിദ്യാർഥി

വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് ഇരുപതോടെയാണ് വെടിവെപ്പുണ്ടായത്
അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു, അക്രമി 14 കാരനായ വിദ്യാർഥി
Published on



അമേരിക്കയിൽ വീണ്ടും വെടിവെപ്പ്.. ജോർജിയയിൽ സ്കൂളിലുണ്ടായ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടു. വെടിവെപ്പുണ്ടായ സ്കൂളിലെ വിദ്യാർത്ഥിയായ പതിനാലുകാരനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ 9 പേർക്ക് പരിക്കേറ്റു.

ജോർജിയയിലെ വിന്‍ഡെറിലെ അപലാച്ചി ഹൈസ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. സ്കൂളിലെ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ എന്ന പതിനാലുകാരനാണ് വെടിയുതിര്‍ത്തത്. വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്ത് ഇരുപതോടെയാണ് വെടിവെപ്പുണ്ടായത്. അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല..

അഞ്ച് സ്കൂളുകളിൽ വെടിവെപ്പ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. അതിൽ അപലാച്ചിയായിരിക്കും ആദ്യത്തേത് എന്ന് സൂചിപ്പിച്ച് സ്കൂളിലേക്ക് ഒരു ഫോൺ കോൾ വന്നതായും റിപ്പോർട്ടുകളുണ്ട്.

അപകടം നടന്നയുടൻ സ്കൂളിന് അകത്തുണ്ടായിരുന്ന മുഴുവൻ വിദ്യാര്‍ഥികളെയും ഒഴിപ്പിച്ച് സ്‌കൂള്‍ അടച്ചു. ആക്രമണത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. സ്കൂളുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഏറ്റവും മാരകമായ വെടിവെപ്പാണ് ജോർജിയയിലേതെന്നും ബൈഡൻ പറഞ്ഞു.

സംഭവത്തെ തുടർന്ന് പൊലീസും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. സ്കൂളിൽ നിന്ന് വിദ്യാർഥികളെ ഒഴിപ്പിച്ചതിന് ശേഷം സ്കൂളും പരിസരവും പൂർണമായും അടച്ചിട്ടു. സ്കൂൾ പരിസരം നിലവിൽ സുരക്ഷിതമാണെന്നും, നിയമപാലകർ സ്ഥലത്തുണ്ടെന്നും, വിദ്യാർഥികളെ ഒഴിപ്പിച്ചതായും സ്കൂൾ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എഫ്ബിഐക്കും പ്രദേശത്ത് അന്വേഷണം നടത്തുകയാണ്. ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാൻ്റയിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ ദൂരെയുള്ള വിൻഡർ പട്ടണത്തിലാണ് വെടിവെപ്പ് നടന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com