രക്ഷാദൗത്യം വിഫലമായി; മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു

ഡോക്ടര്‍മാര്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കേ ആന കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാദൗത്യം വിഫലമായി; മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചരിഞ്ഞു
Published on

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന കൊമ്പനെ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കൊമ്പന്‍ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കേയാണ് കൊമ്പന്‍ ചരിഞ്ഞത്.

ഇന്ന് രാവിലെ വരെ ആന ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരുന്നുകളോട് പോസിറ്റീവായി പ്രതികരിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കേ ആന കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ. മസ്തകത്തിലെ മുറിവ് തുമ്പിക്കൈയിലേക്ക് വ്യാപിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.

മസ്തകത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊമ്പനെ കഴിഞ്ഞ ദിവസമാണ് കോടനാട് അഭയ കേന്ദ്രത്തില്‍ എത്തിച്ചത്. അതിരപ്പിള്ളി കാലടി പ്ലാന്റേഷനില്‍ നിന്നും മയക്കുവെടി വെച്ച് വീഴ്ത്തിയ ആനയെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയത്. രക്ഷാദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയിച്ചതോടെ ഏറെ പ്രതീക്ഷയിലായിരുന്നു വനംവകുപ്പ്.

മസ്തകത്തില്‍ പരിക്കേറ്റ കൊമ്പന്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ജനവാസ മേഖലയിലെത്തിയിരുന്നു. മുറിവില്‍ നിന്നും പുഴു അരിച്ചിറങ്ങുന്ന ദയനീയ അവസ്ഥയിലായിരുന്നു കാട്ടാന. മയക്കുവെടി വെച്ച ശേഷം ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മുറിവ് വൃത്തിയാക്കി പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com