'മോദി ​ഗ്യാരന്‍റിയിൽ വിശ്വസിച്ച ഡൽഹിയിലെ അമ്മ പെങ്ങൾമാരെ ചതിച്ചു'; രേഖ ഗുപ്തയ്ക്ക് കത്തുമായി അതിഷി

ആദ്യ ക്യാബിനറ്റിൽ തന്നെ സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായി പദ്ധതി പ്രഖ്യാപിക്കുമെന്ന വാ​ഗ്ദാനം ലംഘിച്ചുവെന്ന് കാട്ടിയാണ് അതിഷിയുടെ കത്ത്
രേഖ ഗുപ്ത, അതിഷി മർലേന
രേഖ ഗുപ്ത, അതിഷി മർലേന
Published on

ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്തയ്ക്ക് കത്തയച്ച് ആം ആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലേന. ആദ്യ ക്യാബിനറ്റിൽ തന്നെ സ്ത്രീകൾക്ക് സാമ്പത്തിക സഹായത്തിനായി പദ്ധതി പ്രഖ്യാപിക്കുമെന്ന വാ​ഗ്ദാനം ലംഘിച്ചുവെന്ന് കാട്ടിയാണ് അതിഷിയുടെ കത്ത്.

മുഖ്യമന്ത്രി രേഖ ​ഗുപ്തയുമായി കൂടിക്കാഴ്ചയ്ക്ക് അതിഷി കത്തില്‍ സമയം ചോദിച്ചിട്ടുണ്ട്. ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി ഞായറാഴ്ച ആം ആദ്മി പാർട്ടി യോഗം ചേരുന്നതിന് മുന്നോടിയായിട്ടാണ് കത്ത് അയച്ചിരിക്കുന്നത്.

"ആദ്യമായി, ഡൽഹി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 2025 ജനുവരി 31 ന് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ബിജെപി സർക്കാർ രൂപീകരിച്ചതിനുശേഷം, ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രതിമാസം 2,500 രൂപ പദ്ധതി പാസാക്കുമെന്ന് ഡൽഹിയിലെ അമ്മമാർക്കും സഹോദരിമാർക്കും ഭാരതീയ ജനതാ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ജി വാഗ്ദാനം ചെയ്തിരുന്നു. ഇത് മോദിയുടെ ഉറപ്പാണെന്നാണ് അദ്ദേഹം പറഞ്ഞത്", അതിഷി കത്തിൽ കുറിച്ചു.

ഫെബ്രുവരി 20ന് ബിജെപി സർക്കാർ ആദ്യ ക്യാബിനറ്റ് ചേർന്നെന്നും അതിൽ പദ്ധതി പാസാക്കിയില്ലെന്നും കത്തിൽ അതിഷി ആരോപിക്കുന്നു. മോദിയുടെ ​ഗ്യാരന്‍റിയിൽ വിശ്വസിച്ച ഡൽഹിയിലെ അമ്മ പെങ്ങൾമാരെ ചതിച്ചുവെന്നും കത്തിൽ പറയുന്നു. പദ്ധതിയിൽ ഉറച്ച നടപടി സ്വീകരിക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനുമായി ഞായറാഴ്ച ആം ആദ്മി പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തണമെന്ന് അതിഷി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിലും അതിഷി വാ​ഗ്ദാന ലംഘനത്തിന് ബിജെപി സർക്കാരിനെ വിമർശിച്ചിരുന്നു. മാർച്ച് 8നകം യോ​ഗ്യരായ വനിതകളുടെ അക്കൗണ്ടുകളിലേക്ക് സ്കീം പ്രകാരം 2,500 രൂപ പണം വരുമെന്ന് പ്രധാനമന്ത്രി, രേഖ ​ഗുപ്ത, ജെ.പി. നദ്ദ എന്നിവർ ഉറപ്പ് പറഞ്ഞിരുന്നതായും അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ഫെബ്രുവരി 5 ന് നടന്ന തെരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണ് ബിജെപി ആം ആദ്മിയിൽ നിന്ന് ഡൽഹി ഭരണം നേടിയെടുത്തത്. അതേസമയം, ആം ആദ്മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചത്. എഎപിയുടെ പ്രമുഖ നേതാക്കളിൽ അതിഷിക്ക് മാത്രമാണ് വിജയിക്കാൻ സാധിച്ചത്. അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവർ പരാജയപ്പെട്ടിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com