

കോഴിക്കോട് തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അതിക്രമം കാണിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ഓഫീസിന് മുന്നിൽ തിരികത്തിച്ച് പ്രതിഷേധിച്ച പ്രതിയുടെ പിതാവ് കുഴഞ്ഞു വീണു. കെഎസ്ഇബി അക്രമക്കേസിലെ പ്രതി അജ്മലിൻറെ മാതാപിതാക്കളാണ് ഓഫീസിന് മുന്നിൽ തിരി കത്തിച്ച് പ്രതിഷേധിച്ചത്. ഇതിനിടെ പ്രതിയുടെ പിതാവായ റസാഖ് കുഴഞ്ഞ് വീഴുകയായിരുന്നു. റസാഖിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടോടെയാണ് ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കാനെത്തിയ ലൈൻമാനെ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ ആക്രമിച്ചത്. തുടർന്ന് ഇന്ന് രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റന്റ് എഞ്ചിനീയറുടെ ദേഹത്ത് ഭക്ഷണാവശിഷ്ടങ്ങളടങ്ങുന്ന മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ചെയ്തു. അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. ഓഫീസ് ആക്രമണത്തിൽ ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് വിവരം. മർദനമേറ്റ അസി. എഞ്ചിനീയറും നാല് ജീവനക്കാരും മുക്കം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ യു സിയെ റിമാൻഡ് ചെയ്തിരുന്നു.
അക്രമത്തെ തുടർന്ന് പ്രതികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ ഐ എ എസ് ഉത്തരവ് നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് അജ്മലിന്റെ മാതാപിതാക്കള്‍ കെഎസ്ഇബിയ്ക്ക് മുന്നിൽ തിരി കത്തിച്ച് പ്രതിഷേധത്തിനെത്തിയത്.