ഗാസയില്‍ അല്‍-മവാസി അഭയാർഥി ക്യാംപിനുനേരെ ആക്രമണം; മരണസംഖ്യ 68 ആയി, കൊല്ലപ്പെട്ടവരില്‍ പൊലീസ് മേധാവിയും

മാനുഷിക മേഖലകളിൽ 'തീവ്രവാദികളുണ്ടെന്നും' ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം
ഗാസയില്‍ അല്‍-മവാസി അഭയാർഥി ക്യാംപിനുനേരെ ആക്രമണം; മരണസംഖ്യ 68 ആയി, കൊല്ലപ്പെട്ടവരില്‍ പൊലീസ് മേധാവിയും
Published on

ഗാസയില്‍ അല്‍-മവാസി അഭയാർഥി ക്യാംപിനുനേരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ മരണസംഖ്യ 68 ആയി. ഗാസ പൊലീസ് മേധാവി, ഡെപ്യൂട്ടി മേധാവി ഉൾപ്പടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മാനുഷിക മേഖലകളിൽ 'തീവ്രവാദികളുണ്ടെന്നും' ഇവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നുമാണ് ഇസ്രയേലിന്റെ വിശദീകരണം.


ഗാസയിലെ ഹമാസ് നിയന്ത്രിത പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മഹ്മൂദ് സലായും ക്യാമ്പിലെ താമസക്കാരെ പരിശോധിക്കുന്ന അദ്ദേഹത്തിൻ്റെ സഹായി ഹുസാം ഷാവാനും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ‍ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട മഹ്മൂദ് സലാ ഹമാസിന്റെ സുരക്ഷാ സേന തലവനാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.

"വർഷം ആരംഭിക്കുമ്പോൾ തന്നെ , ഗാസയിൽ ഒരു മാനുഷിക മേഖലയോ സുരക്ഷിത മേഖലയോ ഇല്ലായെന്ന ഒർമപ്പെടുത്തൽ നമുക്ക് ലഭിച്ചിരിക്കുന്നു", പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസാരിനി എക്‌സിൽ കുറിച്ചു.

ഖാൻ യൂനിസിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തും വടക്കൻ ഗാസയിലെ ജബാലിയ അഭയാർത്ഥി ക്യാംപ്, ഷാതി (ബീച്ച്) ക്യാംപ്, സെൻട്രൽ ഗാസയിലെ മഗാസി ക്യാംപ്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രയേൽ ആക്രമണങ്ങൾ നടന്നു. 57 പലസ്തീനികളാണ് ഇസ്രയേൽ നടത്തിയ ഈ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മാനുഷിക മേഖലയിലുള്ള ഖാൻ യൂനിസിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിനുള്ളിൽ പ്രവർത്തിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിൽ ഹമാസ് പോരാളികളുണ്ടെന്നും അവരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.

2023 ഒക്‌ടോബർ 7 മുതൽ നടക്കുന്ന ഗാസയ്‌ക്കെതിരായ ഇസ്രയേലിൻ്റെ യുദ്ധത്തിൽ കുറഞ്ഞത് 45,581 ഫലസ്തീനികൾ കൊല്ലപ്പെടുകയും 108,438 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടാനായി പലായനം ചെയ്തു കഴിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com