
തിരുവല്ലയിൽ വളർത്തുനായയെ ക്രൂരമായി മർദിച്ചെന്ന് പരാതി. കടപ്ര സ്വദേശി എസ്.എസ്. റെസിഡൻസിൽ ഷിബുവിൻ്റെ നായക്കു നേരെയാണ് ആക്രമണം ഉണ്ടായത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. സാമൂഹ്യവിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തിറങ്ങിയ നായയെ ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലച്ചോറ് പുറത്ത് വന്നു. മൂക്കിൻ്റെ പാലവും തകർന്നു.
തുടർന്ന് ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ച നായയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെയും മദ്യപരുടേയും ശല്യം കൂടിവരുകയാണെന്ന പരാതിയും സമീപവാസികൾ ഉന്നയിക്കുന്നു.