ജബല്‍പൂരിലെ വൈദികര്‍ക്കെതിരായ ആക്രമണം: സർക്കാരിൻ്റെ പൂർണ പിന്തുണ, ഫാദർ ഡേവിസ് ജോർജിൻ്റെ വസതി സന്ദർശിച്ച് മന്ത്രി

ഫാദർ ഡേവിസ് ജോർജ് ആക്രമണത്തിന് ഇരയായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അന്വേഷണം നടത്താൻ അറിയിച്ചെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു
ജബല്‍പൂരിലെ വൈദികര്‍ക്കെതിരായ ആക്രമണം: സർക്കാരിൻ്റെ പൂർണ പിന്തുണ, ഫാദർ ഡേവിസ് ജോർജിൻ്റെ വസതി സന്ദർശിച്ച് മന്ത്രി
Published on

മധ്യപ്രദേശിലെ ജബൽപൂരിൽ ഫാദർ ഡേവിസ് ജോർജ് ആക്രമണത്തിന് ഇരയായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ട് അന്വേഷണം നടത്താൻ അറിയിച്ചെന്ന് മന്ത്രി കെ. രാജൻ. സംസ്ഥാന സർക്കാരിൻ്റെ പൂർണ പിന്തുണയുണ്ട്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത സംഭവമാണ് നടന്നതെന്നും കെ. രാജൻ പറഞ്ഞു.

ജബൽപൂരിൽ ബജ്റംഗ്ദൾ ആക്രമണത്തിന് ഇരയായ ഫാദർ ഡേവിസ് ജോർജിൻ്റെ കുട്ടനെല്ലൂരിലെ വസതി സന്ദർശിച്ചാണ് മന്ത്രി പ്രതികരിച്ചത്. പി. ബാലചന്ദ്രൻ എംഎൽഎയോടൊപ്പമാണ് മന്ത്രി എത്തിയത്. ഫാദർ ഡേവിസ് ജോർജുമായി മന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാരിൻറെ പിന്തുണ മന്ത്രി വൈദികനെ അറിയിച്ചു.

അതേസമയം, ഇനിയും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കുടുംബം അറിയിച്ചു. കേസെടുത്തതിൽ ആക്രമിച്ചവർക്ക് വൈരാഗ്യം തോന്നാൻ ഇടയുണ്ടെന്നും ഡേവിസ് ജോർജിന്റെ സഹോദരൻ ജോബി തേറാട്ടിൽ പറഞ്ഞു. കേസെടുത്തെങ്കിലും ഇനിയും ആക്രമിക്കപ്പെടാൻ ഉള്ള സാധ്യതയുണ്ട്. ഒരു തോക്ക് മതി എല്ലാം അവസാനിപ്പിക്കാൻ. ഇനി പ്രാർത്ഥനകൾ ആരംഭിക്കാനിരിക്കെ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ഫാദറുമായി സംസാരിച്ചു. കേസെടുത്തതിൽ ആക്രമിച്ചവർക്ക് വൈരാഗ്യം തോന്നാൻ ഇടയുണ്ട്. സംസ്ഥാന സർക്കാർ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചത് ആശ്വാസകരമെന്നും സഹോദരൻ പ്രതികരിച്ചു.

ജബൽപൂരിൽ വൈദികർക്കെതിരായ ആക്രമണത്തെ ഓർത്തഡോക്സ് സഭ അപലപിച്ചു.  അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും, മതേതരത്വം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ അധികാരികൾ നടപടിയെടുക്കണമെന്നും സഭ ആവശ്യപ്പെട്ടു. കൽക്കട്ട ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com