
കോവളത്ത് 12 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിലായി. വാഹന പരിശോധന വെട്ടിച്ച് കടക്കാൻ ശ്രമിച്ച ഇവരെ പോലീസ് വളഞ്ഞു പിടിക്കുകയായിരുന്നു. മുട്ടത്തറയിൽ പെട്രോൾ പമ്പിന് സമീപമുള്ള തരംഗിണി നഗറിൽ വാടകക്ക് താമസിക്കുന്ന ഉണ്ണികൃഷ്ണൻ, ഭാര്യ അശ്വതി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാവിലെ കോവളം ജങ്ഷനിൽ പൊലീസ് വാഹന പരിശോധനക്കായി കൈ കാണിച്ചപ്പോൾ നിർത്താതെ പോയ ഇവരെ, സംശയം തോന്നി പിന്തുടർന്നപ്പോഴാണ് ഇവരുടെ പക്കൽ നിന്നും പന്ത്രണ്ടര കിലോ കഞ്ചാവ് നിറച്ച ബാഗ് കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം നഗർകോവിലിലും അവിടെ നിന്ന് ബസിൽ കളിയിക്കാവിളയിലുമെത്തി. ഇത് സംബന്ധിച്ച വിവരം പോലീസിന് നേരത്തെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്.
ഉണ്ണികൃഷ്ണനെ ഇതിനു മുൻപും 125 കിലോ കഞ്ചാവുമായി പിടികൂടിയിട്ടുണ്ട്. ഇയാൾ, നഗരമടക്കമുള്ള സ്ഥലങ്ങളിൽ കഞ്ചാവ് മൊത്തം വിതരണം നടത്തുന്ന ആളാണെന്ന് കോവളം പോലീസ് പറഞ്ഞു.