മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമം, പി. ശശിയെ ചുമതലപ്പെടുത്തിയത് പാർട്ടി: സജി ചെറിയാൻ

പി. ശശി ഇന്നുവരെ പാർട്ടിയെ ചതിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഒരു സംഭവം ചൂണ്ടിക്കാണിക്കൂ എന്നും സജി ചെറിയാൻ പറഞ്ഞു
മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമം, പി. ശശിയെ ചുമതലപ്പെടുത്തിയത് പാർട്ടി: സജി ചെറിയാൻ
Published on

മുഖ്യമന്ത്രിയുടെ മലപ്പുറം വിവാദ പരാമർശത്തിൽ മലപ്പുറം ജില്ല ഉണ്ടാക്കിയത് ഇടതുപക്ഷമാണെന്നും, നടക്കുന്നത് മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാനുള്ള ശ്രമമാണെന്നും മന്ത്രി സജി ചെറിയാൻ. കമ്യൂണിസ്റ്റ് വിരുദ്ധത പറയുമ്പോൾ കേൾക്കാൻ കമ്യൂണിസ്റ്റ് വിരുദ്ധൻമാർ ഒത്തുകൂടും. അതിൽ സംതൃപ്തി ഉള്ള ഒരുപാട് പേരുണ്ട്. അൻവറിനു സിപിഎം സംഘടന സംവിധാനത്തെപ്പറ്റി അറിയില്ല. പരാതി കൊടുത്തത് മുതൽ പാർട്ടിയേയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുകയാണ്. പാർട്ടി പല പ്രതിസന്ധികളും അതിജീവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചു. മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമം നടക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

പി. ശശിക്കെതിരായ ആരോപണത്തിൽ സജി ചെറിയാൻ പി. ശശിക്ക് പിന്തുണ നൽകി. പി. ശശിയെ ചുമതല മുഖ്യമന്ത്രിയുടെ ഓഫീസ് ഏൽപ്പിച്ചത് വിശ്വസിച്ചു തന്നെയാണ്. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് ശശി അവിടെ ഇരിക്കുന്നത്. ശശിയെ ചുമതലപ്പെടുത്തിയത് പാർട്ടിയാണ്. അന്തസ്സോടെ ശശി പ്രവർത്തിക്കുന്നും ഉണ്ട്. ശശിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല. ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ട് വരട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു. അൻവർ ഏകപക്ഷീയ ഗോൾ ആണ് അടിക്കുന്നത്, പി. ശശി ഇന്നുവരെ പാർട്ടിയെ ചതിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഒരു സംഭവം ചൂണ്ടിക്കാണിക്കൂ എന്നും സജി ചെറിയാൻ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അഭിമുഖത്തില്‍ ഏതെങ്കിലും പ്രദേശത്തെയോ മതവിഭാഗത്തെയോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. അഭിമുഖത്തില്‍ ദേശവിരുദ്ധമെന്നോ രാജ്യവിരുദ്ധമെന്നോ പറഞ്ഞിട്ടില്ല. പത്രത്തില്‍ വന്നത് മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടുകള്‍ അല്ല. ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഇടയാക്കിയത് തെറ്റായ വ്യാഖ്യാനമാണ്. അഭിമുഖത്തില്‍ ദി ഹിന്ദു പത്രം വ്യക്തത വരുത്തണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com