ഹാജര്‍ നില പകുതി മാത്രം; നീറ്റ്-യുജി പുനഃപരീക്ഷയില്‍ 750 പേര്‍ പങ്കെടുത്തില്ലെന്ന് എന്‍.ടി.എ

യോഗ്യരായ 1563 വിദ്യാര്‍ഥികളില്‍ 813 പേര്‍ മാത്രമാണ് പുനഃപരീക്ഷ എഴുതിയത്.
ഹാജര്‍ നില പകുതി മാത്രം; നീറ്റ്-യുജി പുനഃപരീക്ഷയില്‍ 750 പേര്‍ പങ്കെടുത്തില്ലെന്ന് എന്‍.ടി.എ
Published on

നീറ്റ്-യുജി പുനഃപരീക്ഷ എഴുതാന്‍ തയ്യാറെടുത്തിരുന്ന 1563 വിദ്യാര്‍ഥികളില്‍ 750 പേര്‍ വിട്ടു നിന്നതായി പരീക്ഷാ ഏജന്‍സിയായ എന്‍ടിഎ. നീറ്റ്-യുജി പരീക്ഷ വീണ്ടും എഴുതാന്‍ നിശ്ചയിച്ചിരുന്ന 48 ശതമാനം വിദ്യര്‍ഥികളും പരീക്ഷയ്ക്ക് ഹാജരായില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. 

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടെന്ന് എന്‍.ടി.എ അറിയിച്ചു. പുനഃപരീക്ഷയില്‍ 813 പേര്‍ മാത്രമാണ് പങ്കെടുത്തത്. നീറ്റ്- നെറ്റ് മത്സര പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചോദ്യ പേപ്പര്‍ ചോര്‍ച്ച അടക്കം ഗൗരവമേറിയ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് പുനഃപരീക്ഷയിലും ഹാജര്‍ നില ഗണ്യമായി കുറഞ്ഞെന്ന കണക്കുകള്‍ പുറത്തുവരുന്നത്. 

ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് തുടങ്ങിയ ഇടങ്ങളിലാണ് പുനഃപരീക്ഷ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരുന്നത്. ചണ്ഡീഗഡില്‍ പരീക്ഷയ്ക്ക് യോഗ്യരായിരുന്ന രണ്ട് പേരും പങ്കെടുത്തില്ല. ഛത്തീസ്ഗഡില്‍ 602 പേരില്‍ 311 പേര്‍ പരീക്ഷയെഴുതിയില്ല. 

ഗുജറാത്തില്‍ പരീക്ഷ യോഗ്യനായിരുന്നത് ഒരാള്‍ മാത്രമായിരുന്നു. ഇയാള്‍ പരീക്ഷയെഴുതി. ഹരിയാനയില്‍ 494 പേരില്‍ 207 പേരും പരീക്ഷയെഴുതിയില്ല. 287 പേര്‍ പുനഃപരീക്ഷയെഴുതി. മേഘാലയയില്‍ 464 പേരില്‍ 230 പേര്‍ പരീക്ഷ എഴുതിയില്ല. 

മെയ് അഞ്ചിന് നടന്ന മെഡിക്കല്‍ പരീക്ഷയായ നീറ്റ് -യുജിയിലെ ക്രമക്കേടുകളില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ ദിവസമാണ്. ക്രമക്കേടുകളെ പറ്റി അന്വേഷിക്കുന്നതിനായാണ് കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയും മാര്‍ക്ക് ദാനവുമെല്ലാം ഒറ്റപ്പെട്ട സംഭവമാണെന്നാണ് കേന്ദ്രം പറഞ്ഞത്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇത്തരത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സോള്‍വര്‍ ഗ്യാങ് അറിയപ്പെടുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും അതിന്റെ തലവനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ചോദ്യ പേപ്പര്‍ വില്‍പ്പനയ്ക്ക് വെച്ചതും വാര്‍ത്തയായിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com