"പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ വേദനിപ്പിക്കാറുണ്ട്";അക്ഷയ് കുമാര്‍

ജീവിതത്തിലെ തന്‍റെ ഏറ്റവും വലിയ ഭയത്തെ കുറിച്ചും അക്ഷയ് കുമാർ സംസാരിച്ചു
"പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ വേദനിപ്പിക്കാറുണ്ട്";അക്ഷയ് കുമാര്‍
Published on
Updated on


കേസരി ചാപ്റ്റര്‍ 2 എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ തിരക്കുകളിലാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. അടുത്തിടെ സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തില്‍ തന്റെ സിനിമകളിലൂടെ പ്രേക്ഷകരില്‍ വരുത്തുന്ന സ്വാധീനം, വിമര്‍ശനങ്ങള്‍, ജീവിതത്തിലെ ഏറ്റവും വലിയ ഭയം എന്നിവയെക്കുറിച്ച് അക്ഷയ് കുമാര്‍ തുറന്നു സംസാരിച്ചു.

സമൂഹത്തില്‍ മാറ്റം കൊണ്ടുവരുന്ന തന്റെ സിനിമകളെക്കുറിച്ച് അഭിമാനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്,'ഇത് ഞാന്‍ പലതവണ അനുഭവിച്ചിട്ടുണ്ട്. ടോയ്‌ലറ്റ്: ഏക് പ്രേം കഥ കണ്ടതിന് ശേഷം ആളുകള്‍ ടോയ്‌ലറ്റുകള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങുകയും ടോയ്‌ലറ്റ് വീട്ടില്‍ നിര്‍മിക്കാന്‍ തയ്യാറാകുകയും ചെയ്തു. പാഡ്മാന് ശേഷവും ആളുകള്‍ വീട്ടില്‍ ആര്‍ത്തവത്തെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ തുടങ്ങി', എന്നാണ് അക്ഷയ് മറുപടി പറഞ്ഞത്.

"ആര്‍ത്തവത്തെക്കുറിച്ചും അവരുടെ വേദനയെക്കുറിച്ചും സാനിറ്ററി പാഡുകള്‍ വാങ്ങുന്നതിനെക്കുറിച്ചും പെണ്‍മക്കള്‍ക്ക് അവരുടെ അച്ഛന്‍മാരുമായി സ്വതന്ത്രമായി സംസാരിക്കാന്‍ സാധിച്ചു. ലൈംഗിക വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള ഒഎംജി 2വും ഞാന്‍ നിര്‍മിച്ചു. അതെല്ലാം എത്ര പ്രധാനമാണെന്നതിനെ കുറിച്ച് ഞാന്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഒരു നടന്‍ എന്ന നിലയില്‍ ഇത് എനിക്ക് സംതൃപ്തിയുണ്ടാക്കുന്നു", എന്നും താരം വ്യക്തമാക്കി.

അതേസമയം പ്രേക്ഷകരില്‍ വിശ്വസിക്കുമ്പോള്‍ തന്നെ അവരുടെ വിമര്‍ശനങ്ങള്‍ ചിലപ്പോള്‍ വേദനിപ്പിക്കാറുണ്ടെന്നും നടന്‍ പറയുന്നു. "പ്രേക്ഷകരാണ് മാസ്റ്റ്ര്‍ കാരണം അവര്‍ സിനിമ കാണാനായി പണം നല്‍കുന്നവരാണ്. അവര്‍ എനിക്ക് കൈകൊടുക്കുമ്പോള്‍ അത് ഒരു പ്രചോദനമാണ്, അവര്‍ വിമര്‍ശിക്കുമ്പോള്‍ എനിക്ക് അതില്‍ നിന്ന് പഠിക്കാന്‍ കഴിയും. എന്റെ ജോലി കൂടുതല്‍ മികച്ചതാക്കാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. എനിക്ക് യഥാര്‍ത്ഥ പ്രതികരണം ലഭിക്കുകയാണെങ്കില്‍, അത് ഒരിക്കലും അവഗണിക്കില്ല. അത് തിരക്കഥയുടെ തിരഞ്ഞെടുപ്പിലായാലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലായാലും", അക്ഷയ് പറഞ്ഞു.

"വ്യത്യസ്തമായ എന്തെങ്കിലും ചെയ്യൂ, എന്ന് ആളുകള്‍ പലതവണ പറഞ്ഞിട്ടുണ്ട്. അതിനാല്‍, വ്യത്യസ്ത സിനിമകള്‍ ചെയ്യാനും ഞാന്‍ ശ്രമിച്ചു. വിമര്‍ശനം ചിലപ്പോള്‍ എന്നെ വേദനിപ്പിക്കാറുണ്ട്. പക്ഷേ അത് ഹൃദയത്തില്‍ നിന്നാണ് വരുന്നതെങ്കില്‍, അത് നിങ്ങളെ മികച്ചതാക്കുന്നു", എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും വലിയ ഭയത്തെക്കുറിച്ച് സംസാരിച്ച അക്ഷയ് കുമാര്‍, "ഹെലികോപ്റ്ററില്‍ നിന്ന് വീഴുന്നതിനു പുറമെ, ഒരു ദിവസം ഞാന്‍ ഉണരുമ്പോള്‍ സന്ദേശങ്ങളൊന്നുമില്ല എന്ന അവസ്ഥയാകും എന്റെ ഏറ്റവും വലിയ ഭയം. ആ ദിവസം എന്റെ ഊഴം കഴിഞ്ഞതായി ഞാന്‍ മനസ്സിലാക്കും. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല, എന്നാല്‍ ഞാന്‍ അഭിനയം നിര്‍ത്തുകയാണെങ്കില്‍ അതിന്റെ കാരണം ഇതാകും. അഭിനയം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതൊരു ചെറിയ ജീവിതമാണ് വിശ്രമിക്കാനും എന്റെ ജീവിതം ചെറുതാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് വലുതായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു", അക്ഷയ് കുമാര്‍ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com