
ബിജെപിയും ആംആദ്മിയും തമ്മിലുള്ള ശീഷ് മഹൽ വാക്പോരിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഓഡിറ്റ് ട്രയൽ റിപ്പോർട്ട് പുറത്ത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരിക്കെ 33 കോടി രൂപ ചെലവഴിച്ച് ഔദ്യോഗിക വസതി നവീകരിച്ചതായാണ് സിഎജിയുടെ കണ്ടെത്തൽ. ഇതിൽ പകുതിയിലധികവും അലങ്കാരപ്പണികൾക്കാണ് ചെലവിട്ടതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത പുറത്തുവിട്ടത്.
അരവിന്ദ് കെജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രിയായിരിക്കെ ന്യൂഡൽഹിയിലെ ഫ്ലാഗ് സ്റ്റാഫ് റോഡിലെ ഔദ്യോഗിക വസതിയിൽ 33 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതായാണ് സിഎജിയുടെ കണ്ടെത്തൽ. 2020 മുതൽ 2022 വരെ നിരവധി തവണ എസ്റ്റിമേറ്റുകൾ പുതുക്കി. 33.62 കോടിയിൽ അലങ്കാരപ്പണികൾക്ക് മാത്രം 19 കോടിയോളം ചെലവഴിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വസതിയിലെ കർട്ടനുകൾ മാറ്റാൻ 96 ലക്ഷവും, അടുക്കള നവീകരിക്കാൻ 39 ലക്ഷവും ചെലവിട്ടു. ടിവി കൺസോൾ സ്ഥാപിക്കുന്നതിന് 20 ലക്ഷവും, ട്രെഡ്‌മിൽ, ജിം ഉപകരണങ്ങൾ എന്നിവയ്ക്കായി 18.52 ലക്ഷവും സിൽക്ക് കാർപെറ്റുകൾക്കായി 16.27 ലക്ഷവും, മിനിബാറിനായി 4.80 ലക്ഷവും ചെലവഴിച്ചു. ചുവരുകളിൽ മാർബിൾ സ്ഥാപിക്കുന്നതിന് 20 ലക്ഷമാണ് വകയിരുത്തിയിരുന്നതെങ്കിലും പണി പൂർത്തിയായപ്പോൾ 66 ലക്ഷമായി. ഫ്ലോർ ടൈലുകൾ സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്തിമ ചെലവ് 14 ലക്ഷമായി ഉയർന്നുവെന്നും സിഎജി റിപ്പോർട്ട്.
2024 നവംബറിൽ സിഎജി ഗിരീഷ് ചന്ദ്ര മുർമു വിരമിക്കുന്നതിന് ഒരാഴ്ച മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഡൽഹി നിയമസഭയിൽ ഇനി സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ടിൽ താമസ സൗകര്യങ്ങളുടെ പുനർനിർമ്മാണവും, ഒരു അധിക നിലയുടെ നിർമാണവുമായും ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നാണ് സൂചന. കൂടാതെ കരാറുകാരുടെ തെരഞ്ഞെടുപ്പിലും സിഎജി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഡൽഹിയിൽ പ്രചരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ശീഷ് മഹൽ വാക്പോരിന് തുടക്കം കുറിച്ചത്. ആംആദ്മി പാർട്ടിയുടെ അഴിമതിയുടെ പ്രതീകമാണ് കെജ്‌രിവാളിൻ്റെ ശീഷ്മഹൽ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. കെജ്‌രിവാള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി പണിയാന്‍ കോടികളാണ് ചെലവഴിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ, 2700 കോടിരൂപയ്ക്ക് വീട് പണിത, 8400 കോടി വിലയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിൻ്റെ കോട്ട് ധരിക്കുന്ന ഒരാളിൽ നിന്നും ശീഷ്മഹല്‍ പരാമര്‍ശം ഉചിതമല്ലെന്നായിരുന്നു കെജ്‌രിവാളിൻ്റെ തിരിച്ചടി. പിന്നാലെ കെജ്‌രിവാളിനെതിരെയുള്ള മോദിയുടെ പ്രസ്താവന പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തി. സർക്കാർ കാറും ബംഗ്ലാവും വേണ്ടെന്ന് പറഞ്ഞ കെജ്‌രിവാൾ ഡൽഹിക്കാരുടെ പണം ഉപയോഗിച്ചാണ് ശീഷ്മഹൽ പണിതതെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
കെജ്‌രിവാൾ ധൂർത്ത് നടത്തിയെന്ന് ബിജെപി ആരോപിക്കുമ്പോൾ ഔദ്യോഗിക വസതി മുഖ്യമന്ത്രിയുടെ വ്യക്തിസ്വത്തല്ലെന്നാണ് ആംആദ്മിയുടെ പ്രതിരോധം. തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രീയ പ്രേരിതമായുള്ള വഴിതിരിച്ചുവിടൽ ശ്രമം മാത്രമാണ് ബിജെപി പയറ്റുന്നതെന്നാണ് ആംആദ്മിയുടെ വാദം.