പിങ്ക് ടെസ്റ്റിന് മുന്നോടിയായി ഓസീസ് ടീമിന് വൻ തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്യാച്ചിങ് പ്രാക്ടീസിങ്ങിനിടെ പരുക്കേറ്റ ശുഭ്മാൻ ഗിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്
പിങ്ക് ടെസ്റ്റിന് മുന്നോടിയായി ഓസീസ് ടീമിന് വൻ തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്
Published on


അഡ്‌ലെയ്‌ഡിൽ ഡിസംബർ 6ന് തുടങ്ങാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ഓസ്ട്രേലിയൻ ടീമിന് വൻ തിരിച്ചടി. പെർത്ത് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതെടുത്ത ജോഷ് ഹേസിൽവുഡ് പരുക്കേറ്റ് പുറത്തായെന്ന വിവരമാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. ലോ ഗ്രേഡ് ലെഫ്റ്റ് സൈഡ് ഇഞ്ചുറിയാണ് ഹേസിൽവുഡിന് സംഭവിച്ചതെന്നാണ് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്.

നിലവിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. പാറ്റ് കമ്മിൻസ്, മിച്ചെൽ സ്റ്റാർക്ക്, ഹേസിൽവുഡ് പേസ് ത്രയമാണ് കംഗാരുപ്പടയുടെ ബൗളിങ് ആക്രമണം മുന്നിൽ നിന്ന് നയിച്ചിരുന്നത്. എന്നാൽ ഹേസിൽവുഡ് പിന്മാറുന്നതോടെ പകരം ആര് എന്നതാണ് ഓസീസിന് തലവേദനയാകുന്ന പ്രധാന ചോദ്യം.

അതേസമയം, പേസർമാരായ സീൻ ആബട്ടിനെയും ബ്രണ്ടൻ ഡോഗറ്റിനെയും ഓസ്‌ട്രേലിയ ടീമിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മിക്കവാറും സ്‌കോട്ട് ബോളണ്ടിന് ആദ്യ ഇലവനിലേക്ക് സെലക്‌ടർമാരുടെ അനുമതി ലഭിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ജൂലൈയിൽ ആഷസ് ടെസ്റ്റിലാണ് ഓസീസിനായി ബോളണ്ട് അവസാനമായി കളിച്ചത്. രണ്ട് വർഷം മുമ്പ് അഡ്‌ലെയ്ഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ താരം കളിച്ചിരുന്നു. അന്ന് 45 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ശനിയാഴ്ച കാൻബെറയിലെ മനുക ഓവലിൽ നടക്കുന്ന ദ്വിദിന പരിശീലന മത്സരത്തിൽ ഇന്ത്യക്കെതിരായി പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനിൽ 35കാരനായ സ്‌കോട്ട് ബോളണ്ട് കളിക്കുന്നുണ്ട്.

ആദ്യ ടെസ്റ്റിന് മുന്നോടിയായി ക്യാച്ചിങ് പ്രാക്ടീസിങ്ങിനിടെ പരുക്കേറ്റ ശുഭ്മാൻ ഗിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പിങ്ക് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലാണ് താരം പരിശീലനം നടത്തുന്നത്. ഇതിൻ്റെ വീഡിയോകൾ ബിസിസിഐ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com