പിങ്ക് ബോൾ പരിചയിക്കാത്ത രാഹുൽ, ഫോമിലല്ലാത്ത രോഹിത്; അഡ്‌ലെ‌യ്‌ഡിൽ സർവത്ര ആശയക്കുഴപ്പം?

പിങ്ക് ബോൾ പരിചയിക്കാത്ത രാഹുൽ, ഫോമിലല്ലാത്ത രോഹിത്; അഡ്‌ലെ‌യ്‌ഡിൽ സർവത്ര ആശയക്കുഴപ്പം?

32കാരനായ കെ.എൽ. രാഹുലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഞ്ച് വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിൽ കളിച്ചിട്ടുണ്ടെന്നത് അധിക ആനുകൂല്യം നൽകുന്നുണ്ട്
Published on


ബോർഡർ-ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച അഡ്‌ലെ‌യ്‌ഡ് ഓവലിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ബാറ്റിങ് ഓർഡറിൽ ആശയക്കുഴപ്പം തുടരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തുമ്പോൾ പെർത്തിലെ വിന്നിങ് ഇലവനിൽ മാറ്റമുണ്ടാകുമെന്നത് ഇന്ത്യയെ വലയ്ക്കുന്ന പ്രശ്നമാണ്. ന്യൂസിലൻഡിനോട് ടെസ്റ്റ് പരമ്പര 3-0ന് അടിയറവ് വെച്ച ശേഷം രോഹിത് ഒരു മത്സരം പോലും കളിക്കാത്തതും ടീമിന് തിരിച്ചടിയാണ്. പരിശീലന മത്സരത്തിലാകട്ടെ വെറും മൂന്ന് റൺസെടുത്ത് പുറത്താവുകയും ചെയ്തിരുന്നു.

ജയ്സ്വാളിനൊപ്പം രോഹിത് ശർമ ഓപ്പൺ ചെയ്യാനെത്തിയാൽ ആരെ പുറത്താക്കുമെന്നതാണ് പ്രധാന ആശങ്ക. ഫോമിലുള്ള കെ.എൽ. രാഹുലിനെ ഓപ്പണിങ്ങിൽ നിന്ന് നീക്കുമ്പോൾ തന്നെ രോഹിത് ശർമയുടെ മോശം ഫോമും ഇന്ത്യക്ക് തലവേദനയാകുന്നുണ്ട്. പെർത്ത് ടെസ്റ്റിലെ രണ്ടാമിന്നിങ്സിൽ രാഹുലും ജയ്സ്വാളും ഓപ്പണിങ്ങിൽ 201 റൺസിൻ്റെ കൂട്ടുകെട്ടുമായി തിളങ്ങിയിരുന്നു.

ഈ കൂട്ടുകെട്ട് വിരാട് കോഹ്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാർക്ക് നൽകിയ ആശ്വാസവും ഏറെ വലുതായിരുന്നു. ഏറെ വർഷങ്ങൾക്കൊടുവിൽ സെഞ്ചുറിയുമായി വിരാട് ഫോമിലേക്ക് ഉയർന്നത് ടീമിൻ്റെയാകെ കെട്ടുറപ്പ് ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാൽ പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ടെസ്റ്റിൽ രാഹുലിനെ മധ്യനിരയിലാണോ അതോ വാലറ്റത്താണോ കളിപ്പിക്കുകയെന്നത് സസ്‌പെൻസായി തുടരുകയാണ്.

32കാരനായ കെ.എൽ. രാഹുലിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ അഞ്ച് വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളിൽ കളിച്ചിട്ടുണ്ടെന്നത് അധിക ആനുകൂല്യം നൽകുന്നുണ്ട്. എന്നാൽ നിതീഷ് റെഡ്ഡിയെ പോലൊരു ഓൾറൗണ്ടർക്ക് അവസരം നഷ്ടപ്പെടുത്തി രാഹുലിനെ കളിപ്പിക്കുന്നതിലും ഔചിത്യക്കുറവുണ്ട്. പിങ്ക് ബോളിൽ കളിച്ച് രാഹുലിന് പരിചയമില്ലെന്നതും പ്രധാനമാണ്.

താൻ ഇന്ത്യൻ ടീമിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഏത് പൊസിഷനിൽ കളിക്കാനും തയ്യാറാണെന്നും കെ.എൽ. രാഹുൽ ബുധനാഴ്ച മാധ്യമങ്ങളോട് മനസ് തുറന്നിരുന്നു. സ്ഥിരമായി ഒരു ബാറ്റിങ് പൊസിഷൻ ഇല്ലാതിരിക്കുന്നത് തൻ്റെ പ്രകടനത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും രാഹുൽ തുറന്നുപറഞ്ഞു. മാറുന്ന സാഹചര്യങ്ങളിൽ ആദ്യത്തെ 20-25 പന്തുകൾ എങ്ങനെ നേരിടണമെന്ന് സംശയിച്ചു നിൽക്കാറുണ്ടെന്നും, എപ്പോഴാണ് ആക്രമിച്ച് തുടങ്ങേണ്ടതെന്ന സംശയം ഉണ്ടാകാറുണ്ടെന്നും രാഹുൽ വ്യക്തമാക്കി. പരിചയസമ്പത്ത് കൊണ്ട് ഈ പ്രശ്നത്തെ മറകടക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും രാഹുൽ ഓസ്ട്രേലിയൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പിങ്ക് ബോളിൽ പരിശീലനം നടത്തിയതിൽ നിന്നും പന്ത് കാണുന്ന രീതിയിൽ കാര്യമായ മാറ്റങ്ങളുണ്ടെന്നും കെ.എൽ. രാഹുൽ കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com