
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അവസാന ടെസ്റ്റിൽ രണ്ടാം ദിനം ഓസീസിനെ 181 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഓസീസ് ബാറ്റർമാരെ ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബൗളർമാർ ഒന്നാമിന്നിങ്സിൽ ഓസീസ് ബാറ്റർമാരെ വരിഞ്ഞുമുറുക്കി.
പ്രസിദ്ധ് കൃഷ്‌ണയ്‌ക്കും മുഹമ്മദ് സിറാജിനും മൂന്ന് വീതം വിക്കറ്റ് ലഭിച്ചപ്പോൾ, ജസ്പ്രീത് ബുമ്രയ്‌ക്കും നിതീഷ് കുമാർ റെഡ്ഡിക്കും രണ്ട് വീതം വിക്കറ്റ് ലഭിച്ചു. ഓസീസ് നിരയിൽ 57 റൺസെടുത്ത വെബ്‌സ്റ്ററാണ് ടോപ് സ്കോറർ. സ്റ്റീവൻ സ്മിത്ത് (33), സാം കോൺസ്റ്റാസ് (23), അലക്സ് കാരി (21), പാറ്റ് കമ്മിൻസ് (10) എന്നിവരും രണ്ടക്കം കടന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 185 റൺസിന് പുറത്തായിരുന്നു. മറുപടിയായി ഓസീസിന് ഒന്നാമിന്നിങ്സിൽ 181 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഇന്ത്യക്ക് നാല് റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് ലഭിച്ചു.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ 10 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 48 റൺസെടുത്തിട്ടുണ്ട്. 13 റൺസെടുത്ത കെ.എൽ. രാഹുലിനേയും, 22 റൺസെടുത്ത യശസ്വി ജെയ്സ്വാളിനേയും ബോളണ്ട് ക്ലീൻ ബൗൾഡാക്കി. ശുഭ്മാൻ ഗില്ലും (5) വിരാട് കോഹ്‌ലിയുമാണ് (0) ക്രീസിൽ. ഇന്ത്യക്ക് നിലവിൽ 52 റൺസിൻ്റെ ലീഡായി.