ഓസ്ട്രിയ പാർലമെൻ്റ് തെരഞ്ഞെടുപ്പ്; തീവ്രവലതുപക്ഷം ഭരണത്തിലേക്ക്

രാജ്യത്തെ 80 ശതമാനം ജനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 28.8 ശതമാനം വോട്ടാണ് ഫ്രീഡം പാർട്ടിക്ക് ലഭിച്ചത്
ഓസ്ട്രിയ പാർലമെൻ്റ് തെരഞ്ഞെടുപ്പ്; തീവ്രവലതുപക്ഷം ഭരണത്തിലേക്ക്
Published on

ഓസ്ട്രിയയിൽ നാസി പ്രത്യയശാസ്ത്രം പേറുന്ന തീവ്രവലതുപക്ഷ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി. രാജ്യത്തെ 80 ശതമാനം ജനം വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ 28.8 ശതമാനം വോട്ടാണ് ഫ്രീഡം പാർട്ടിക്ക് ലഭിച്ചത്. ഒറ്റക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സഖ്യത്തിന് ഇല്ലെന്ന് മറ്റു പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.

ഓസ്ട്രിയയിൽ ഹെർബർട്ട് കിക്കിൽ നയിക്കുന്ന ഫ്രീഡം പാർട്ടിയാണ് 29 ശതമാനം വോട്ടോടെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചിരിക്കുന്നത്. 1950കളിൽ മുൻ നാസികളും എസ്എസ് പ്രവർത്തകരും ചേർന്ന് രൂപീകരിച്ച ഫ്രീഡം പാർട്ടി, ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ ഒന്നാമതായത്. ഇതിന് മുമ്പ് സഖ്യ ഭരണത്തിൻ്റെ ഭാഗമായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ഒറ്റക്കക്ഷിയാകുന്നത്.

നിലവിൽ ഭരണത്തിലുള്ള കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിക്ക് 26.3 ശതമാനം വോട്ടാണ് നേടാനായത്. ഫ്രീഡം പാർട്ടിയുമായി സഖ്യത്തിനില്ലെന്ന് സോഷ്യൽ ഡെമോക്രാറ്റുകളും ഗ്രീൻസും നിയോ പാർട്ടിയും ഇതിനകം വ്യക്തമാക്കി. യൂറോപ്യൻ യൂണിയനെയും നയങ്ങളെയും വിമർശിക്കുന്ന റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയെ പിന്തുണക്കാനില്ലെന്നാണ് മറ്റു കക്ഷികളുടെ നിലപാട്. അതേസമയം ഗൂഢാലോചന സിദ്ധാന്തങ്ങളെ ആരാധിക്കുന്ന ഒരാളുമായി സർക്കാർ രൂപീകരിക്കുക അസാധ്യമാണെന്ന് കിക്കിൻ്റെ പ്രധാന എതിരാളിയായ ഓസ്ട്രിയൻ പീപ്പിൾ പാർട്ടി നേതാവും നിലവിലെ ചാൻസലറുമായ കാൾ നിഹമാർ പ്രതികരിച്ചു.

പുതിയ യുഗത്തിലേക്കുള്ള വാതിൽ തുറന്നുവെന്നാണ് ഹെർബർട്ട് കിക്കിൻ്റെ ആദ്യ പ്രതികരണം. ഞായറാഴ്ച നടന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 80 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അതേസമയം, 35 മുതൽ 59 വരെ പ്രായമുള്ളവരാണ് തീവ്രവലതുപക്ഷത്തിന് വോട്ട് ചെയ്യാൻ സാധ്യതയെന്നും, പുരുഷന്മാരേക്കാൾ സ്ത്രീകളാണ് തീവ്രവലതുപക്ഷത്തിന് വോട്ട് നൽകിയതെന്നുമാണ് വിലയിരുത്തലുകൾ. തീവ്രവലതുപക്ഷം അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ പാർലമെൻ്റിന് പുറത്ത് നാസി വിരുദ്ധ ബാനറുകളുമായി പ്രതിഷേധവും നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com