
ആഫ്രിക്കയിൽ കുരങ്ങ് പനി പടരുന്നു. കോംഗോയിലും സമീപ പ്രദേശങ്ങളിലുമായാണ് പനി വ്യാപിക്കുന്നത്. ഈ വർഷം 461 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. കോംഗോയിൽ നിന്നാണ് രോഗം പൊട്ടിപുറപ്പെട്ടതെന്നും അതിവേഗം പടരുകയാണെന്നും ആഫ്രിക്കൻ പൊതു ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇതോടെ കുരങ്ങുപനിയെ ആഫ്രിക്ക ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. ക്ലാഡ് ഐബി എന്ന രണ്ടാം വകഭേദം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് കുരങ്ങ് പനിയെ ആഫ്രിക്ക ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.
പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ ഒന്നടങ്കം പങ്കാളികളാവണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സാഹചര്യത്തെ നേരിടാൻ രാജ്യത്തെ എല്ലാ സംവിധാനങ്ങളും സഹകരിക്കണം. വേഗത്തിലുള്ള നടപടികളിലേക്ക് കടക്കണമെന്നും ആഫ്രിക്ക സെൻ്റർ ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻ മേധാവി ജീൻ കസീയ വ്യക്തമാക്കി.
രോഗം നിയന്ത്രിക്കാനായി പത്ത് മില്യൺ ഡോസ് മരുന്നുകളാണ് ആവശ്യം. എന്നാൽ രണ്ടു ലക്ഷം ഡോസുകൾ മാത്രമാണ് കൈവശമുള്ളതെന്നും കസീയ അറിയിച്ചു. ഈ വർഷം ഇതുവരെ പതിനയ്യായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനോടകം 461 പേർ രോഗബാധയെത്തുടർന്ന് മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. രോഗത്തെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തിലാണ് ആഫ്രിക്കയുടെ ആരോഗ്യവിഭാഗം.