പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നൽകിയില്ല; കാസർഗോഡ് ഡ്രൈവർ ജീവനൊടുക്കി

മംഗലാപുരം സ്വദേശി അബ്ദുൾ സത്താറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
WhatsApp Image 2024-10-07 at 6
WhatsApp Image 2024-10-07 at 6
Published on

കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മംഗലാപുരം സ്വദേശി അബ്ദുൾ സത്താറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് പിടിച്ചെടുത്ത ഓട്ടോ വിട്ടുകിട്ടാത്തതിനെ തുടർന്നാണ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് പരാതി ഉയരുന്നുണ്ട്.  ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുന്നു.

അകാരണമായി തൻ്റെ ഓട്ടോ പൊലീസ് പിടിച്ചുവെച്ചുവെന്നും മറ്റ് മാർഗമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഫെയ്സ് ബുക്കിൽ അബ്ദുൾ സത്താർ കുറിച്ചിരുന്നു. ഇതേ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ ക്വാർട്ടേഴ്സിൽ അബ്ദുൾ സത്താറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്നാരോപിച്ച് അബ്ദുൾ സത്താറിൻ്റെ ഓട്ടോ പൊലീസ് പിടിച്ചെടുത്തത്. പെറ്റി അടച്ച് ഓട്ടോ വിട്ടു നൽകാമെന്നിരിക്കെ എസ്.ഐ അനൂപ് ഇതിന് തയ്യാറായില്ലെന്നും ഡിവൈഎസ്പിയുടെ നിർദേശം പോലും എസ്ഐ തള്ളിയതോടെ മറ്റു മാർഗമില്ലാതെയാണ് സത്താർ ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

എസ്.ഐ അനൂപിനെതിരെ നടപടി ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ കാസർഗോഡ് ടൗൺ പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധിച്ചു. വിഷയത്തിൽ ഇടപെട്ട ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ ആരോപണ വിധേയനായ എസ്.ഐ യെ സ്ഥലം മാറ്റുകയും കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com