മണിപ്പൂരിൽ 3 കുട്ടികളുടെ അമ്മയെ തീകൊളുത്തിക്കൊന്നത് അതിക്രൂരമായ പീഡനങ്ങൾക്ക് ശേഷം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്!

മൂന്ന് കുട്ടികളുടെ അമ്മയും അധ്യാപികയുമായിരുന്നു കൊലപ്പെട്ട സ്ത്രീയെന്നാണ് വിവരം
മണിപ്പൂരിൽ 3 കുട്ടികളുടെ അമ്മയെ തീകൊളുത്തിക്കൊന്നത് അതിക്രൂരമായ പീഡനങ്ങൾക്ക് ശേഷം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്!
Published on


മണിപ്പൂരിലെ ജിരിബാമില്‍ യുവതിയെ തീകൊളുത്തി കൊന്ന സംഭവത്തിൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 31 കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായെന്നാണ് റിപ്പോർട്ട്. മൃതദേഹം 99 ശതമാനം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും അധ്യാപികയുമായിരുന്നു കൊലപ്പെട്ട സ്ത്രീയെന്നാണ് വിവരം.

ശരീരത്തിലെ എട്ടോളം മുറിവുകൾ അതിക്രൂരമായ ലൈംഗികാതിക്രമണം നടന്നതിന് തെളിവാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എല്ലുകൾ പലതും ഒടിഞ്ഞ നിലയിലും, കത്തിക്കരിഞ്ഞ തലയോട്ടി വേറിട്ട നിലയിലുമായിരുന്നു. നവംബർ ഏഴിനാണ് ദാരുണമായ സംഭവമുണ്ടായത്.

സ്ത്രീയെ ആക്രമിച്ചതിന് പുറമെ മെയ്തി വിഭാഗക്കാരായ അക്രമികൾ ഇവരുടെ വീട് അടക്കം 17ഓളം വീടുകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. സ്ത്രീയുടെ ബന്ധുക്കൾ ശരീരാവശിഷ്ടങ്ങൾ സംസ്ക്കരിച്ചിട്ടുണ്ട്. കാലിൽ നിന്ന് അഞ്ച് സെൻ്റീ മീറ്റർ നീളത്തിലുള്ള ആണി കണ്ടെടുത്തിരുന്നു. കാലിൻ്റെ തുടയുടെ ഭാഗത്ത് മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചതായും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ ജിരിബാം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി അവരുടെ ഗ്രാമമായ സൈറൗണിൽ ആക്രമണം ആരംഭിച്ചപ്പോൾ തൻ്റെ ഭാര്യയുടെ കാലിന് വെടിയേറ്റതായും ഭർത്താവ് ആരോപിച്ചിരുന്നു. അക്രമികൾ തങ്ങളുടെ വീട് പൂർണമായും അഗ്നിക്കിരയാക്കിയെന്നും അദ്ദേഹം പരാതിയിൽ പറയുന്നുണ്ട്. അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച ജിരിബാമിൽ സിആർപിഎഫ് ഉദ്യോഗസ്ഥർ നടത്തിയ ഏറ്റുമുട്ടലിൽ 10 കുക്കി കലാപകാരികളെ വെടിവെച്ചു കൊന്നിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com