
മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള യോഗ്യതാ-പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നും ദേശീയ തലത്തിൽ ഈ സംവിധാനം നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രത്യേക പ്രവേശന പരീക്ഷയിലൂടെയല്ലാതെ 12-ാം ക്ലാസിലെ മാർക്കിലൂടെ മാത്രമായിരിക്കണമെന്നും മറ്റ് പരീക്ഷകൾ അനാവശ്യമായ അധിക സമ്മർദ്ദം വിദ്യാർഥികളിൽ ചെലുത്തുമെന്നും സ്റ്റാലിൻ കത്തിൽ കൂട്ടിച്ചേർത്തു.
"തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കാനും 12-ാം ക്ലാസ് മാർക്കിനെ അടിസ്ഥാനമാക്കി മെഡിക്കൽ പ്രവേശനം നൽകാനുമുള്ള ബിൽ ഞങ്ങൾ ഞങ്ങളുടെ നിയമസഭയിൽ ഐക്യകണ്‌ഠേന പാസാക്കിയിരുന്നു. ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചെങ്കിലും സമ്മതം ഇപ്പോഴും തീർപ്പായിട്ടില്ല." സ്റ്റാലിൻ പറഞ്ഞു.
നീറ്റ് ഒഴിവാക്കണമെന്ന തമിഴ്‌നാടിൻ്റെ ആവശ്യത്തിന് പിന്തുണ അഭ്യർത്ഥിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും അദ്ദേഹം കത്തയച്ചു. അടുത്തിടെ നടന്ന നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ അതിനോടുള്ള സംസ്ഥാനത്തിൻ്റെ എതിർപ്പിനെ സാധൂകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. “മറ്റ് പല സംസ്ഥാനങ്ങളും ഈ തിരഞ്ഞെടുപ്പ് പ്രക്രിയ ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.“ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
തമിഴ്‌നാടിനെ നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ബില്ലിന് കേന്ദ്രസർക്കാർ അനുമതി നൽകണമെന്നും ദേശീയ മെഡിക്കൽ കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ വെള്ളിയാഴ്ചയാണ് ഐകകണ്ഠേന പ്രമേയം പാസാക്കിയത്. അതിനിടെ, ഡൽഹി, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും സ്റ്റാലിൻ കത്തയച്ചിരുന്നു. അതിൽ നീറ്റ് നിർത്തലാക്കുന്നതിന് സമാനമായ പ്രമേയം അതത് അസംബ്ലികളിൽ പാസാക്കുന്ന കാര്യം പരിഗണിക്കണമെന്ന് സ്റ്റാലിൻ അഭ്യർത്ഥിച്ചു.