'പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യ വിട്ടുപോകണം'; ഇറാന്‍റെ മിസൈല്‍ ആക്രമണത്തിനു ശേഷം പൊതുവേദിയില്‍ ആയത്തൊള്ള അലി ഖമേനി

ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയ ശേഷമാണ് ഇറാൻ പരമോന്നത നേതാവ് വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്
ആയത്തൊള്ള അലി ഖമേനി
ആയത്തൊള്ള അലി ഖമേനി
Published on

പാശ്ചാത്യ രാജ്യങ്ങൾ പശ്ചിമേഷ്യ വിട്ടുപോകണമെന്ന് ആഹ്വാനം ചെയ്ത് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. ഇറാന്‍റെ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സങ്കീർണമായതിന് ശേഷം ഇതാദ്യമായാണ് പരമോന്നത നേതാവ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റള്ളയുടെ വധത്തിന് ശേഷം ഖമേനിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയിരുന്നു.

ഇസ്രയേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയ ശേഷമാണ് ഇറാൻ പരമോന്നത നേതാവ് വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. ബുധനാഴ്ച, ഖമേനി വിദ്യാർഥികളും ശാസ്ത്രജ്ഞരും പങ്കെടുത്ത പൊതുപരിപാടിയില്‍ പങ്കെടുത്തു. നസ്റള്ളയുടെ മരണത്തില്‍ ഇറാന്‍ ഇപ്പോഴും ദുഃഖാചരണത്തിലാണെന്ന് ഖമേനി പറഞ്ഞു. എന്നാല്‍ ദുഃഖാചരണം കൊണ്ട് അർഥമാക്കുന്നത് വിഷമിച്ച് മൂലയ്ക്കിരിക്കുക എന്നല്ലെന്നും പരമോന്നത നേതാവ് കൂട്ടിച്ചേർത്തു.

Also Read: ഇറാന്‍-ഇസ്രയേല്‍ നിഴല്‍യുദ്ധം തുറന്ന പോരിന് വഴിമാറുമ്പോള്‍

സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇറാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാരുമായുള്ള നയതന്ത്ര ഫോണ്‍കോളില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ ലെബനനില്‍ നടത്തുന്ന ആക്രമണങ്ങള്‍ പോലെ സിവിലിയന്‍സിനു നേരെയല്ല ഇറാന്‍റെ ആക്രമണമെന്നും അരാഗ്ചി വാദിച്ചു. മിസൈല്‍ ആക്രമണത്തെ കുറിച്ച് യുഎസിനു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും അരാഗ്ചി ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാല്‍, തെഹ്റാനിലെ സ്വിസ് എംബസിയുമായി സന്ദേശം കൈമാറിയതായി അബ്ബാസ് അരാഗ്ചി പറഞ്ഞു. യുഎസ്-ഇറാന്‍ നയതന്ത്ര മധ്യസ്ഥരാണ് സ്വിറ്റ്സർലന്‍ഡ്.

കഴിഞ്ഞ ദിവസമാണ് ഇറാന്‍ ഇസ്രയേലിലേക്ക് 180ലധികം ബാലിസ്റ്റിക് മിസൈലുകള്‍ വർഷിച്ചത്. അതില്‍ ചിലത് 10,000 എംപിഎച്ച് വേഗതയുള്ള ഹൈപ്പർസോണിക് ഫത്താഹ് മിസൈലുകളാണ്. ഭൂരിഭാഗം മിസൈലുകളും നിർജീവമാക്കിയെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. ഈ വാദത്തെ ഇസ്രയേല്‍ പ്രതിരോധത്തെ സഹായിക്കുന്ന യുകെയും യുഎസും പിന്താങ്ങി. എന്നാല്‍, റെവല്യൂഷണറി ഗാർഡുകളുടെ കണക്കുകൂട്ടല്‍ പ്രകാരം, 90 ശതമാനം മിസൈലുകളും ലക്ഷ്യം കണ്ടു. 

Also Read: ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ല; യുഎന്‍ സെക്രട്ടറി ജനറലിന് പ്രവേശന വിലക്കേർപ്പെടുത്തി ഇസ്രയേൽ

അതേസമയം, ഇറാന്‍റെ മിസൈൽ ആക്രമണത്തില്‍ അപലപിച്ചില്ലെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ വിലക്കേർപ്പെടുത്തി. ഇറാൻ നടത്തിയ ആക്രമണത്തെ അസന്നിഗ്ദ്ധമായി അപലപിക്കാൻ കഴിയാത്ത ആർക്കും ഇസ്രയേലിന്‍റെ മണ്ണിൽ കാലുകുത്താൻ അർഹതയില്ലെന്ന് വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com