
തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദമായതിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലും മധുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും പ്രസാദ നിർമാണത്തിലും വിതരണത്തിലും പരിഷ്കരണം കൊണ്ടുവരാനൊരുങ്ങുന്നു. അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തിൽ പുറത്തു നിന്നുള്ള ഏജൻസികൾ നിർമിച്ച പ്രസാദത്തിന് വിലക്ക് ഏർപ്പെടുത്തിയതായി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ സത്യേന്ദ്ര ദാസ് അറിയിച്ചു.
പ്രസാദമുണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൻ്റെ പരിശുദ്ധിയിൽ സത്യേന്ദ്ര ദാസ് ആശങ്കയറിയിച്ചു. മുഴുവൻ പ്രസാദവും നിർമിക്കേണ്ടത് ക്ഷേത്ര പുരോഹിതന്മാരുടെ മേൽനോട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ലഡു വിവാദം രാജ്യത്തൊട്ടാകെ വലിയ വിവാദമായിരിക്കുകയാണ്. അതിനാൽ രാജ്യമൊട്ടാകെ, നെയ്യിലും എണ്ണയിലും നടത്തേണ്ട പരിശോധനയുടെ ആവശ്യകതയെക്കുറിച്ചും സത്യേന്ദ്ര ദാസ് സംസാരിച്ചു.
മധുര ക്ഷേത്രത്തിൽ പുരാതന രീതിയിലുള്ള പ്രസാദക്കൂട്ടുകളിലേക്ക് മാറുകയാണെന്നും, വാണിജ്യപരമായി ഉത്പാദിപ്പിക്കുന്ന മധുരപലഹാരങ്ങൾക്ക് പകരം, ഇനി ഫലങ്ങളും പുഷ്പങ്ങളും മറ്റ് പ്രകൃതിയിൽ നിന്നുള്ള ചേരുവകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന പ്രസാദമായിരിക്കും വിതരണം ചെയ്യുക എന്നും ധർമ രക്ഷാ സംഘ് അറിയിച്ചു. അലോപ് ശങ്കരി, ബടേ ഹനുമാൻ, മങ്കമേശ്വർ ക്ഷേത്രങ്ങളിലും സമാനമായി പ്രസാദങ്ങളിൽ പരിഷ്കരണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഉത്തരാഖണ്ഡ് സർക്കാർ ക്ഷേത്ര പ്രസാദ നിർമാണ രീതികളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി ധാം എന്നീ ചാർധാം ക്ഷേത്രങ്ങളിലാണ് പരിശോധന കർശനമാക്കുക. ക്ഷേത്ര അടുക്കളകൾ, പ്രസാദം തയ്യാറാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സാംസ്കാരിക മന്ത്രി സത്പാൽ മഹാരാജ് അറിയിച്ചു. ക്ഷേത്രങ്ങളിൽ അർപ്പിക്കുന്ന പ്രസാദം അശുദ്ധമല്ലെന്ന് ഉറപ്പാക്കാൻ ലാബുകളിൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.