ആയത്തൊള്ള അലി ഖമേനി ആരോഗ്യവാൻ; കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ

സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ആയത്തൊള്ള അലി ഖമേനിയുടെ  ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മാസങ്ങളായി നിലനിൽക്കുന്ന റിപ്പോർട്ടുകളെ ഉദ്യോഗസ്ഥർ  തള്ളിയത്
ആയത്തൊള്ള അലി ഖമേനി ആരോഗ്യവാൻ; കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ
Published on

ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കോമയിലാണെന്ന റിപ്പോർട്ടുകൾ തള്ളി ഇറാൻ. കഴിഞ്ഞ ദിവസം ലെബനനിലെ ഇറാൻ അംബാസിഡറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മാധ്യമ റിപ്പോർട്ടുകളെ ഇറാൻ തള്ളിയത്. വെള്ളിയാഴ്ച മുതല്‍ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ഖമേനിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് 85കാരനായ ആയത്തൊള്ള അലി ഖമേനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇതിനെ പിന്‍പറ്റിയാണ് വെള്ളിയാഴ്ച മുതല്‍ എക്സ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ആയത്തൊള്ള ഖമേനി കോമയിലാണെന്ന വ്യാപക പ്രചാരണം ആരംഭിച്ചത്. നേരത്തെ, ഹിസ്‌ബുള്ള തലവന്‍ ഹസന്‍ നസ്റള്ള കൊല്ലപ്പെട്ട ഘട്ടത്തില്‍, മരണം ആദ്യമായി റിപ്പോർട്ടുചെയ്ത മാധ്യമങ്ങളില്‍ ചിലതും ഈ വാർത്തയെ ശരിവെച്ചതോടെ പശ്ചിമേഷ്യയില്‍ അലി ഖമേനിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ആളികത്തി.


എന്നാൽ അലി ഖമേനിയുടെ ഓഫീസ് ഉദ്യോഗസ്ഥർ ഈ വാർത്തകൾ തള്ളിക്കൊണ്ട് വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ആയത്തൊള്ള അലി ഖമേനിയുടെ  ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് മാസങ്ങളായി നിലനിൽക്കുന്ന റിപ്പോർട്ടുകളെ ഉദ്യോഗസ്ഥർ  തള്ളിയത്. ലെബനനിലെ ഇറാൻ അംബാസിഡറായ മൊജ്‌താബ അമാനിയുമായി സംസാരിക്കുന്ന ഖമനെയിയുടെ ചിത്രങ്ങളാണ് എക്സിലൂടെ പങ്കുവെച്ചത്.

സെപ്റ്റംബറിൽ ഇസ്രയേൽ നടത്തിയ പേജർ സ്ഫോടനത്തിൽ മൊജ്‌താബ അമാനിക്കും പരുക്കേറ്റിരുന്നു. അമാനി പൂർണ ആരോഗ്യവാനായ സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച. അമാനിയുടെ മുഖത്ത് പരുക്കേറ്റ പാടുകളും ദൃശ്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ എക്സ് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഖമേനി കോമയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമായും ഇസ്രയേലി മാധ്യമങ്ങളാണ് ഖമേനി കോമയിലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ആയത്തുള്ള അലി ഖമേനി അവസാനമായി പൊതുവേദിയിലെത്തിയത് നവംബർ ഏഴിനാണെന്ന് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നത്.


അതേസമയം ആരോഗ്യസ്ഥി മേശമായതിനാൽ അലി ഖമേനിയുടെ ആറുമക്കളില്‍ രണ്ടാമനായ മൊജ്‌താബ ഹൊസൈനി ഇതോടെ ഇറാന്‍റെ പരമോന്നത നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും ചില റിപ്പോർട്ടുകള്‍ പറഞ്ഞിരുന്നു.

ഖമേനിയുടെ ആവശ്യപ്രകാരം ഇക്കഴിഞ്ഞ സെപ്തംബർ 26ന് 60 അംഗ അസംബ്ലി യോഗം ചേർന്നെന്നും മൊജ്‌താബ ഹൊസൈനിയെ അടുത്ത നേതാവായി ഐക്യകണ്ഠേന തെരഞ്ഞെടുത്തെന്നുമാണ് ഭരണകൂട വിരുദ്ധ പേർഷ്യന്‍ മാധ്യമമായ ഇറാൻ ഇൻ്റർനാഷണലിനെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമമായ യെനെറ്റ് ന്യൂസ് റിപ്പോർട്ടുചെയ്തത്. മുൻകൂർ അറിയിപ്പില്ലാതെയാണ് ഈ അസാധാരണ യോഗം വിളിച്ചുകൂട്ടിയതെന്നും, ജനരോഷം കണക്കിലെടുത്ത് യോഗവിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കാനാണ് നേതൃത്വത്തിന്‍റെ നിർദേശമെന്നും യെനെറ്റ് റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com