'ബി. ഉണ്ണികൃഷ്ണന്‍ പവര്‍ഗ്രൂപ്പില്‍ അംഗം', സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; പ്രതിഷേധവുമായി മാക്ട ഫെഡറേഷന്‍

മാക്ട ഫെഡറേഷനെ ഉൾപ്പെടുത്താതെ ചർച്ചയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സിനിമ സെറ്റകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു
'ബി. ഉണ്ണികൃഷ്ണന്‍ പവര്‍ഗ്രൂപ്പില്‍ അംഗം', സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; പ്രതിഷേധവുമായി മാക്ട ഫെഡറേഷന്‍
Published on

സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി മാക്ട ഫെഡറേഷന്‍റെ പ്രതിഷേധം. ബി. ഉണ്ണികൃഷ്ണന്‍ 15 അംഗ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളാണ്. തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷ വിധിച്ച ആ വിധി സുപ്രീംകോടതി ശരിവെച്ച് പിഴ ഒടുക്കിയ ബി. ഉണ്ണികൃഷ്ണണനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റണമെന്നും മാക്ട ആവശ്യപ്പെട്ടു.

മാക്ട ഫെഡറേഷനെ ഉൾപ്പെടുത്താതെ ചർച്ചയുമായി മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും സിനിമ സെറ്റുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്‍റെ സിനിമ സംബന്ധമായ ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് നിര്‍ഭാഗ്യകരമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വനിത കമ്മീഷനുമായി സഹകരിക്കുന്നതിലും മാക്ട മുമ്പിലുണ്ടായിരുന്നു. അതിന് ശേഷം ചില സംഘകളുടെ തന്‍പ്രമാണിത്തം കാരണം മാക്ടയെ പാര്‍ശ്വ വല്‍ക്കരിക്കുയായിരുന്നു. സിനിമ നയരൂപീകരണ സമിതിയില്‍ മാക്ട ഫെഡറേഷനെ കൂടി ഉള്‍പ്പെടുത്തണമെന്നും ഇരകളുടെ പേര് വെളിപ്പെടുത്താതെ ഹേമ കമ്മിറ്റി പരിപൂര്‍ണമായും പുറത്തുവിടണമെന്നും മാക്ട ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കുറ്റാരോപിതരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് സിനിമ രംഗം ശുദ്ധീകരിക്കാനുള്ള നടപടികള്‍ കൈക്കൊളണമെന്നും മാക്ട വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് നിയമ നടപടി നേരിടുന്ന സാഹചര്യത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച കൊച്ചിയില്‍ ആരംഭിച്ചത്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായാണ് ചര്‍ച്ച. സിനിമ കോൺക്ലേവ് മാറ്റിവെക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്ന് സമിതി ചെയർമാൻ ഷാജി എൻ. കരുൺ പറഞ്ഞു. കോൺക്ലേവ് നവംബറിൽ നടത്താൻ ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. AMMA അടക്കമുള്ള സംഘടനകളുമായും വരും ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.
 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com