
മഹാരാഷ്ട്ര മുൻമന്ത്രി ബാബ സിദ്ദിഖി കൊലക്കേസിലെ പ്രതികൾ, നടൻ സൽമാൻ ഖാനെയും ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. ഷൂട്ടർമാരുടെ ഹിറ്റ് ലിസ്റ്റിൽ ബോളിവുഡ് താരവുമുണ്ടായിരുന്നു. എന്നാൽ സൽമാന്റെ കനത്ത സുരക്ഷ, കൃത്യത്തിന് തടസം സൃഷ്ടിച്ചു. സിദ്ദിഖി കേസിലെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പുറത്തുവന്നതെന്നും പൊലീസ് വെളിപ്പെടുത്തി.
രണ്ട് മാസം മുമ്പാണ് എൻസിപി നേതാവും മഹാരാഷ്ട്രാ മുൻ മന്ത്രിയുമായ ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചത്. എന്നാൽ ബാബ സിദ്ദിഖിക്ക് മുമ്പ് ബോളിവുഡ് താരം സൽമാൻ ഖാനെ വകവരുത്താനാണ് കൊലയാളി സംഘം പദ്ധതിയിട്ടതെന്നാണ് പുതിയ വെളിപ്പെടുത്തൽ. കൊലപാതക കേസിൽ അറസ്റ്റിലായ ഷൂട്ടർമാരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
സൽമാൻ കൊലയാളികളുടെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നുവെങ്കിലും നടൻ്റെ കർശന സുരക്ഷയാണ് വിനയായി.. ഏപ്രിൽ 14 ന് രാത്രി സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ വസതിക്കു മുന്നിൽ രണ്ട് പേർ വെടിയുതിർത്തിരുന്നു. വെടിവെപ്പ് നടത്തിയ വിക്കി ഗുപ്തയും സാഗർ പാലും പിന്നീട് ഗുജറാത്തിൽ പിടിയിലായി. ലോറൻസ് ബിഷ്‌ണോയ് സംഘം സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഏറെക്കാലമായി ബിഷ്ണോയ് സംഘത്തിൻ്റെ വധഭീഷണി സൽമാന് നേരെയുണ്ട്.
പൻവേലിലെ ഫാംഹൗസിൽ വെച്ചും സമാനമായ ആക്രമണം സൽമാനെതിരെ നടന്നു. അക്രമികൾക്ക് പക്ഷേ കൃത്യം നടത്താനായില്ല. ഭീഷണി തുടർന്നതിനാൽ, Y+ സുരക്ഷയും വസതിക്ക് പുറത്ത് ശക്തമായ പോലീസ് സന്നാഹവും ഒരുക്കി. AI- പവേർഡ്, ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയുള്ള ഉയർന്ന റെസല്യൂഷൻ സിസിടിവി ക്യാമറകളും മുംബൈ പോലീസ് സ്ഥാപിച്ചു.
ഒക്ടോബർ 12 ന് മുംബൈയിൽ മകൻ സീഷൻ സിദ്ദിഖിയുടെ ബാന്ദ്ര ഈസ്റ്റ് ഓഫീസിന് പുറത്ത് വെച്ചാണ് സിദ്ദിഖിക്ക് വെടിയേറ്റത്. മൂന്ന് അക്രമികൾ വെടിയുതിർക്കുകയും നെഞ്ചിൽ രണ്ട് തവണ ഇടിക്കുകയും ചെയ്യുകയായിരുന്നു. ആക്രമണം നടന്നയുടനെ മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.