ബാബ സിദ്ദിഖിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ്

ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നുള്ളവരാണെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച്  അറിയിച്ചു
ബാബ സിദ്ദിഖിയുടെ കൊലപാതകം: രണ്ട് പേർ അറസ്റ്റിൽ, ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പൊലീസ്
Published on

എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ഹരിയാനയിൽ നിന്നുള്ള കർണെയ്ൽ സിങ്, ഉത്തർപ്രദേശുകാരനായ ധരംരാജ് കശ്യപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്നുള്ളവരാണെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി ക്രൈംബ്രാഞ്ച്  അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി പ്രതികൾ സംഭവസ്ഥലം നിരീക്ഷിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചേരി പുനർനിർമാണ ജോലികളുമായി ബന്ധപ്പെട്ട് സിദ്ദിഖിക്ക് ഭീഷണി ഉണ്ടായിരുന്നതായും സൂചനയുണ്ട്. രണ്ടാഴ്ച മുമ്പ് സിദ്ദിഖിയുടെ ജീവന് ഭീഷണി നേരിട്ടിരുന്നു. കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസെ വാലയുടെ ഗതി നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഭീഷണിക്ക് പിന്നാലെ സിദ്ദിഖിക്ക് വൈ കാറ്റഗറി സുരക്ഷയേർപ്പെടുത്തിയിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റ് ഷെല്ലുകൾ മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. അക്രമികൾ മൂന്ന് തവണ സിദ്ദിഖിക്ക് നേരെ വെടിയുതി‍ർത്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. വെടിവെക്കാൻ ഉപയോഗിച്ച പിസ്റ്റൾ സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. 9.9 എംഎം പിസ്റ്റളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടുക്കുന്ന സംഭവം.

ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്നാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷം പ്രതികരിച്ചത്. ക്രമസമാധാന നില വഷളാകുന്നത് ആശങ്കാജനകമാണെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചു.

ബാബ സിദ്ദിഖിയുടെ കുടുംബത്തെ കാണാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ശനിയാഴ്ച രാത്രി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, കേന്ദ്രമന്ത്രിയും ആർപിഐ(എ) മേധാവിയുമായ രാംദാസ് അത്താവലെ, അജിത് പവാറിൻ്റെ മകൻ പാർത്ഥ് പവാർ എന്നിവരും ലീലാവതി ആശുപത്രിയിലെത്തി. സൽമാൻ ഖാനും ശിൽപ്പ ഷെട്ടിയും ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ആശുപത്രിയിലെത്തിയിരുന്നു. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com