
മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ ബഹ്റൈച്ചിൽ നിന്നാണ് നാലാം പ്രതിയായ ഹരിഷ്കുമാർ ബലക്രമിനെ (23) പൊലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ പൂനെയിൽ ആക്രി വിൽപ്പനക്കാരനായ ഹരിഷ്കുമാർ ബലക്രം, ബാബ സിദ്ദിഖിയെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാൾ അറിയിച്ചു.
ഹരിഷ്കുമാർ ബലക്രമിനെ കൂടി അറസ്റ്റ് ചെയ്തതോടെ, കേസിൽ ഇതുവരെ നാലു പേരാണ് അറസ്റ്റിലായത്. നേരത്തെ, ഷൂട്ടർമാരായ ഗുർമൈൽ ബൽജിത് സിംഗ് (23) , ധരംരാജ് കശ്യപ് (19), ഗൂഢാലോചനയിൽ പങ്കാളിയായ പ്രവീൺ ലോന്‍കർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, ആസൂത്രകരില്‍ ഒരാള്‍ സല്‍മാന്‍ ഖാൻ കേസില്‍ പൊലീസ് വെറുതെ വിട്ട ശുഭം ലോന്‍കർ ആണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. തെളിവുകളില്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് സൽമാൻ ഖാൽ കേസിൽ ശുഭം ലോന്‍കറിനെ വിട്ടയച്ചത്. ശുഭം ലോൻകർ തന്നെയാണ് ബാബ സിദ്ദിഖി വധത്തിലെ മുഖ്യ ആസൂത്രകരിലൊരാളെന്ന് കരുതുന്നുവെന്ന് പൊലീസ് അറിയിച്ചു.