
ആലപ്പുഴയിൽ ഗർഭകാലചികിത്സാ പിഴവുമൂലം അപൂർവ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിനെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റും. തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കാണ് കുഞ്ഞിനെ മാറ്റുന്നത്. വെന്റിലേറ്റർ സഹായത്തോടെയുള്ള ആംബുലൻസിലാണ് മാറ്റുക. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. അതേസമയം, കുഞ്ഞിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ നവംബറിലാണ് ആലപ്പുഴ ലജനത്ത് വാർഡിൽ താമസിക്കുന്ന അനീഷ് മുഹമ്മദ്-സുറുമി ദമ്പതികൾക്ക് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചത്. ശാരീരിക വൈകല്യങ്ങൾക്ക് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങളും, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കുഞ്ഞിനുണ്ടായിരുന്നു. ശ്വാസതടസ്സമടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയത്.
ലാബിലെ സ്കാനിങ്ങിൽ നിന്നുണ്ടായ ഗുരുതര പിഴവാണ് കുഞ്ഞിൻ്റെ വൈകല്യത്തിന് കാരണമെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇതോടെ വിഷയം വലിയ വിവാദമായി. പിന്നാലെ തുടർ ചികിത്സ സൗജന്യമാക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉയർത്തിയിരുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും, ആരോപണ വിധേയരായ ഡോക്ടർമാരെ സർക്കാർ സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ആരോഗ്യമന്ത്രി ആലപ്പുഴയിൽ എത്തിയിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും കുഞ്ഞിൻ്റെ പിതാവ് അനീഷ് പറഞ്ഞിരുന്നു.