
അതിരപ്പിള്ളിയില്‍ കുട്ടിയാന ചരിഞ്ഞത് കടുവ ആക്രമണത്തിലെന്ന് നിഗമനം. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റ് 15-ാം ബ്ലോക്കിലെ എണ്ണപ്പനത്തോട്ടത്തിലാണ് മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. ഒരു വയസ്സുള്ള ആനയാണ് ചരിഞ്ഞത്. സ്ഥലത്ത് കടുവയുടെ സാന്നിധ്യമുള്ളതായി പ്ലാന്റേഷന്‍ തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. തൊഴിലാളികളാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തി. ആനയുടെ മസ്തകത്തിലും ശരീരഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനിടയില്‍ അമ്മയാനയടക്കം 15 ഓളം ആനകള്‍ കുട്ടിയാനയുടെ ജഡത്തിനിരികിലേക്ക് എത്തിയതിനാല്‍ നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. ഇന്ന് തുടര്‍നടപടികള്‍ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആനയെ ഉടന്‍ തന്നെ പിടികൂടാനാണ് ശ്രമിക്കുന്നതെന്ന് ഡോ. അരുണ്‍ സക്കറിയ പ്രതികരിച്ചു. ആന അവശനിലയിലാണെന്നാണ് അറിഞ്ഞത്. ആരോഗ്യ അവസ്ഥ പരിശോധിക്കും. ആനയെ എത്തിച്ച് ചികിത്സ നല്‍കേണ്ട എറണാകുളം കോടനാട്ടെ അഭയാരണ്യത്തില്‍ അരുണ്‍ സക്കറിയയും സംഘവും രാവിലെ പരിശോധന നടത്തും.
പ്രാഥമിക പരിശോധനയില്‍ ആനക്കൂടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ആനയ്ക്ക് വീണ്ടും മയക്കുവെടി വെക്കുന്നതില്‍ വിശദമായ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ വയനാട്ടില്‍ നിന്നും കുംങ്കിയാനകളെയും സ്ഥലത്ത് എത്തിക്കും. ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും കൊമ്പന്‍ മടി കാട്ടാത്തതിനാല്‍ തുടര്‍ ചികിത്സ നല്‍കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.