
സന്ദേശ്ഖാലി കേസില്‍ സിബിഐ അന്വേഷണം തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. സിബിഐ അന്വേഷണത്തിനുളള കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഏപ്രിലിലെ ഉത്തരവ് റദ്ദാക്കണമെന്ന മമത സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീംകോടതി തളളുകയായിരുന്നു.
കേസില്‍ മമത സര്‍ക്കാരെന്തിനാണ് വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ബി.ആര്‍ ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഏപ്രില്‍ 29നും സമാന രീതിയിലൊരു പ്രസ്താവന സുപ്രീം കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെപ്പറ്റി പരാമര്‍ശമുണ്ടായിരുന്നു എന്നതായിരുന്നു അന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ വക്കീലിന്‍റെ വാദം.
ഇന്ന് വാദം കേട്ട സുപ്രീം കോടതി മാസങ്ങളായി ഒന്നും ചെയ്യാതിരുന്ന സര്‍ക്കാര്‍ ഇപ്പോഴെന്തിനാണ് വ്യക്തികളെ സംരക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നും ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ക്കിനും അനുകൂലികള്‍ക്കും എതിരെയുള്ള സന്ദേശ്ഖാലിയില്‍ ഭൂമി കൈയേറ്റവും ലൈംഗികാതിക്രമവും നടത്തിയെന്ന കേസുകളുടെ അന്വേഷണം കൊല്‍ക്കത്ത ഹൈക്കോടതിയാണ് സിബിഐയ്ക്ക് കൈമാറിയത്.
ഫെബ്രുവരിയിലാണ് ഷാജഹാന്‍ ഷെയ്ക്കിനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ തൃണമൂല്‍ കോൺഗ്രസ് ഷാജഹാനെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഷാജഹാന്‍ ഷെയ്ക്കിനെതിരെയുള്ള ഭൂമി കൈയേറ്റം, ലൈംഗികാതിക്രമം, റേഷന്‍ അഴിമതി എന്നിവ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ പ്രധാന വിഷയമായി ബിജെപി ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു.