വാളയാർ പെണ്‍കുട്ടികളെക്കുറിച്ചുള്ള മോശം പരാമർശം: ഉത്തരവാദിത്തത്തിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഒഴിയാനാകില്ലെന്ന് സുപ്രീം കോടതി

2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറില്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളെ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
വാളയാർ പെണ്‍കുട്ടികളെക്കുറിച്ചുള്ള മോശം പരാമർശം: ഉത്തരവാദിത്തത്തിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഒഴിയാനാകില്ലെന്ന് സുപ്രീം കോടതി
Published on

വാളയാർ കേസില്‍ പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ അഭിമുഖം നൽകിയ ഉത്തരവാദിത്തത്തിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥന്‍ എം.ജെ. സോജന് ഒഴിയാനാകില്ലെന്നു സുപ്രീം കോടതി. നിയമപരമായും ധാർമികമായും അന്വേഷണ ഉദ്യോഗസ്ഥൻ ചെയ്തത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പെണ്‍‌കുട്ടികളുടെ അമ്മ നല്‍കിയ അപ്പീലിലാണ് നടപടി. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും എസ്പി സോജനും നോട്ടീസ് നല്‍കി. 

കുട്ടികളെ അപമാനിക്കുന്ന അഭിമുഖം സ്വകാര്യ ചാനല്‍ നൽകിയത് തെറ്റാണെന്നും കോടതി പറഞ്ഞു. ആധികാരികത പരിശോധിക്കാതെ സോജന്റെ പരാമർശം സംപ്രേഷണം ചെയ്ത സ്വകാര്യ ചാനലിനും മാധ്യമപ്രവർത്തകർക്കുമെതിരെ ആവശ്യമെങ്കിൽ കേസെടുക്കാമെന്ന് ഹൈകോടതിയും അറിയിച്ചിരുന്നു. എന്നാല്‍, പോക്‌സോ നിയമം 23(1) പ്രകാരമുള്ള കേസ് കഴിഞ്ഞ സെപ്റ്റംബർ 11ന് ഹൈക്കോടതി റദ്ദാക്കി. ഇതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ ക്രിമനൽ കേസ് തുടരാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പെണ്‍കുട്ടികളുടെ അമ്മ സുപ്രീം കോടതിയില്‍ സമർപ്പിച്ച അപ്പീല്‍.

വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്കെതിരായ എം.ജെ സോജന്‍റെ വിവാദ പരാമർശത്തിലായിരുന്നു ക്രിമിനൽ കേസ്. ഉദ്യോഗസ്ഥനെതിരെയല്ല, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് കേൾപ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്നാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നത്. ഏതെങ്കിലും മാധ്യമത്തിന് അറിവോടും സമ്മതത്തോടും കൂടി സോജൻ അഭിമുഖം നൽകുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന കേസിലെ ഒന്നാം സാക്ഷിയായ മാധ്യമപ്രവർത്തകന്‍റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു കോടതിയുടെ നിരീക്ഷണം.  എന്നാല്‍, കുറ്റം തെളിഞ്ഞാൽ ഉദ്യോഗസ്ഥനെ പിരിച്ചു വിടാമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. 

ലൈംഗിക ചൂഷണത്തിന് ഇരയായതിന് കുട്ടികളും കാരണക്കാരാണെന്ന മട്ടിൽ എം.ജെ.  സോജൻ നടത്തിയ പ്രതികരണം ഒരു ചാനൽ സംപ്രേഷണം ചെയ്യുകയായിരുന്നു. പീഡനം പെണ്‍കുട്ടികള്‍ ആസ്വദിച്ചിരുന്നുവെന്ന്‌ ഉദ്യോഗസ്ഥൻ മാധ്യമങ്ങളില്‍ സംസാരിച്ചെന്നായിരുന്നു അമ്മയുടെ പരാതി.

2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറില്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളെ ദുരൂഹമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്ന ചായ്പ്പിലാണ് പതിമൂന്നും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കേസില്‍ അഞ്ചു പേരായിരുന്നു പ്രതികള്‍. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂർത്തിയായിട്ടുണ്ടായിരുന്നില്ല. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നീ നാല് പ്രതികൾക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രതിയായ പ്രദീപ് നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തതിനാല്‍ ഈ കേസുകള്‍ ഒഴുവാക്കുകയായിരുന്നു. ഇതിനു പിന്നാലെ നാലാം പ്രതിയായ കുട്ടി മധുവും ജീവനൊടുക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com