ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ഓര്‍മകളില്‍ ഇസ്ലാം മത വിശ്വാസികള്‍; ഇന്ന് ബദ്ര്‍ ദിനം

ഖുറൈശികളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകന്‍ മുഹമ്മദിനും അനുയായികള്‍ക്കും ദൈവം യുദ്ധത്തിന് അനുമതി നല്‍കിയതെന്നുമാണ് വിശ്വാസം.
ത്യാഗോജ്വലമായ പോരാട്ടത്തിന്റെ ഓര്‍മകളില്‍ ഇസ്ലാം മത വിശ്വാസികള്‍; ഇന്ന് ബദ്ര്‍ ദിനം
Published on

ഇന്ന് ബദര്‍ ദിനം. മുസ്ലിം മത വിശ്വാസികള്‍ ഇന്ന് ത്യാഗോജ്വലമായ ബദ്ര്‍ ദിന ഓര്‍മകളെ അനുസ്മരിക്കും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളും മക്ക ഖുറൈശികളും തമ്മിലുള്ള യുദ്ധത്തെയാണ് ബദ്ര്‍ ദിനമായി വിശ്വസിക്കുന്നത്. ഈ യുദ്ധത്തിലൂടെ ആയിരുന്നു മക്കയില്‍ ഇസ്ലാം മതം വേരുറപ്പിക്കുന്നത്.

ദൈവത്തിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവരുടെയും സത്യ നിഷേധികളുടെയും യുദ്ധമായാണ് ബദ്ര്‍ യുദ്ധത്തെ ഇസ്ലാമിക ചരിത്രത്തില്‍ വിശേഷിപ്പിക്കുന്നത്. ഖുറൈശികളുടെ ഉപദ്രവം കാരണം മക്കയില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബിയും അനുയായികളും മദീനയിലേക്ക് പാലായനം ചെയ്‌തെങ്കിലും ഖുറൈശികളുടെ ഉപദ്രവം തുടര്‍ന്നുകൊണ്ടിരുന്നു. ഖുറൈശികളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകന്‍ മുഹമ്മദിനും അനുയായികള്‍ക്കും ദൈവം യുദ്ധത്തിന് അനുമതി നല്‍കിയതെന്നുമാണ് വിശ്വാസം.

ഹിജ്‌റ രണ്ടാംവര്‍ഷം റമളാന്‍ മാസം 17ന് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ യുദ്ധമായ ബദര്‍ യുദ്ധം നടന്നത്. അത്യുഷ്ണമുള്ള ഒരു വെള്ളിയാഴ്ച മുസ്ലിങ്ങളും ഖുറൈശികളും ബദ്ര്‍ എന്ന സ്ഥലത്ത് ഏറ്റുമുട്ടി. അംഗ ബലം കുറവായിരുന്നിട്ടും മുസ്ലിങ്ങള്‍ നേടിയ വിജയമാണ് മക്കയിലും മദീനയിലും ഇസ്ലാമിന്റെ വേരുറപ്പിക്കാന്‍ സഹായകരമായത്. ഇസ്ലാമില്‍ സായുധ പ്രതിരോധത്തിന് ആദ്യമായി ദൈവം അനുമതി കൊടുക്കുന്നതും ബദര്‍ യുദ്ധത്തിലാണ്.

യൗമുല്‍ ഫുര്‍ഖാന്‍ എന്നാണ് ബദ്ര്‍ യുദ്ധത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. യുദ്ധത്തില്‍ പങ്കെടുത്ത 313 ബദ്രീങ്ങളില്‍ 14 പേരാണ് മരണപ്പെട്ടത്. ഇന്നേ ദിവസം പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകും. ത്യാഗോജ്വലമായ ഓര്‍മ പുതുക്കല്‍ കൂടി ആണ് ഇസ്ലാം മത വിശ്വാസികള്‍ക്ക് ബദര്‍ ദിനം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com