ബഹ്റിച്ച് കലാപം; പ്രതികൾക്ക് നേരെ പൊലീസ് വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

ഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണിയിൽ സംഗീതം വച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റത്തോടെ സംഘർഷം ആരംഭിച്ചത്.
ബഹ്റിച്ച് കലാപം; പ്രതികൾക്ക് നേരെ പൊലീസ് വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു, ഏറ്റുമുട്ടൽ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ
Published on: 
Updated on: 

ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തിലെ പ്രതികളെ പൊലീസ് വെടിവച്ചതായി റിപ്പോർട്ട്. നേപ്പാൾ അതിർത്തിക്കടുത്ത് വച്ചാണ് പ്രതികൾക്ക് നേരെ പൊലീസ് വെടിയുതിർത്തത്. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. താലിബ്,സർഫാസ് എന്നിവർക്കാണ് വെടിയേറ്റത്. അതിൽ സർഫാസ് മരിച്ചതായാണ് റിപ്പോർട്ടുകൾ. കൂട്ടുപ്രതിയായ താലിബ് പരിക്കേറ്റ് പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.


ഞായറാഴ്ച വൈകുന്നേരമാണ് മൻസൂർ ഗ്രാമത്തിലെ മഹ്‌രാജ്ഗഞ്ച് പ്രദേശത്ത് ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണിയിൽ സംഗീതം മുഴക്കിയതിനെ ചൊല്ലിയുള്ള വാക്കേറ്റത്തോടെ സംഘർഷം ആരംഭിച്ചത്.തുടർന്ന് കല്ലേറും വെടിവയ്പ്പും ഉണ്ടായി, കലാപത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഒരാൾ വെടിയേറ്റ് മരിച്ചു.

രെഹുവ മൻസൂർ ഗ്രാമവാസിയായ രാം ഗോപാൽ മിശ്രയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിൻ്റെ കുടുംബം മൃതദേഹം സംസ്‌കരിക്കാൻ വിസമ്മതിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. നടപടിയെടുക്കുമെന്ന് പൊലീസിൻ്റെയും അധികാരികളുടെയും ഉറപ്പിനെ തുടർന്നാണ് ഇവർ പിൻവാങ്ങിയത്.


അടുത്ത ദിവസം സംഘർഷം രൂക്ഷമായിരുന്നു, ചില പോക്കറ്റുകളിൽ തീവെപ്പും അക്രമവും ഉണ്ടായി, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി. അക്രമവുമായി ബന്ധപ്പെട്ട് 30ലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.