
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ ഇഡി സുപ്രീംകോടതിയെ സമീപിച്ചു. ജൂൺ 28 നായിരുന്നു കേസിൽ ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ജൂലൈ നാലിന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു.
റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി സ്വന്തമാക്കിയെന്നാണ് സോറനെതിരെയുള്ള കേസ്. കഴിഞ്ഞ ജനുവരി 31നായിരുന്നു ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്
വ്യാജ രേഖകളിലൂടെ കോടികൾ വിലമതിക്കുന്ന ഭൂമി കൈക്കാലാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടി നേതാവായ ഹേമന്തിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് മുന്നോടിയായി തന്നെ ഹേമന്ത് സോറൻ തൻ്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയെന്ന പേരുണ്ടാവാതിരിക്കാനായിരുന്നു രാജി.