ബെയ്‌ലി പാലം നിർമാണം പൂർത്തിയായി; സൈനിക വാഹനം കടത്തി വിട്ടു

ഒരു തരം പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം
ബെയ്‌ലി പാലം
ബെയ്‌ലി പാലം
Published on: 
Updated on: 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിൽ സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയായി. പുഴയിലെ കുത്തൊഴുക്കിനെ അവഗണിച്ചും പാലം പൂർത്തിയാക്കുവാൻ സൈന്യം പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചു. പണി വേഗത്തിൽ പൂർത്തീകരിക്കുന്നതിനായി രാത്രിയിലും സൈന്യം കഠിനപരിശ്രമം തുടർന്നിരുന്നു.

കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവത് ആണ് നിർമാണപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനാ വിമാനത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ പാലം നിര്‍മാണത്തിനുള്ള സാമഗ്രികള്‍ എത്തിച്ചിരുന്നു. 17 ട്രക്കുകളിലായാണ് ഇവ വയനാട്ടിലേക്ക് എത്തിച്ചത്.


പാലത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേ​ഗത്തിൽ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയാണ് രക്ഷാപ്രവർത്തകർ പങ്കുവെക്കുന്നത്. പാലം പണി പൂർത്തിയായതോടെ ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ ഇനി മുണ്ടക്കൈയിലേക്ക് എത്തിക്കാൻ സാധിക്കും.

ഒരു തരം പോർട്ടബിൾ, പ്രീ-ഫാബ്രിക്കേറ്റഡ്, ട്രസ് ബ്രിഡ്ജാണ് ബെയ്‌ലി പാലം. വലിയ ചരിവുള്ള ദുർഘടമായ പ്രദേശങ്ങളിൽ അടിയന്തരമായി പണിയുന്നതാണ് ബെയ്‌ലി പാലങ്ങൾ. ദുരന്ത നിവാരണം, സൈനിക ആവശ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾക്കാണ് ബെയ്‌ലി  പാലങ്ങൾ പ്രധാനമായും ഉപയോ​ഗിക്കുന്നത്.

News Malayalam 24x7
newsmalayalam.com