
ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അഡ്വക്കേറ്റ് ബെയ്‌ലിൻ ദാസ് റിമാൻഡിൽ. ഈ മാസം 30 വരെയാണ് ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളുടെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് എത്തിച്ചു.
ബെയ്‌ലിൻ ദാസ് അറിയപ്പെടുന്ന അഭിഭാഷകനാണ്, അയാൾക്കൊരു കുടുംബമുണ്ട്, മൂന്ന് കുട്ടികളുടെ അച്ഛനാണ്, സമൂഹത്തിൽ മാന്യനായ വ്യക്തിയാണ്, അതുകൊണ്ട് ജാമ്യം അനുവദിക്കണം എന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഈ വാദങ്ങള്‍ പരിഗണിച്ചില്ല.
അതേസമയം, പ്രതി നിയമപരിജ്ഞാനമുള്ള വ്യക്തിയാണെന്ന് വാദി ഭാഗവും ചൂണ്ടിക്കാട്ടി. ബിഎൻഎസ് 183 പ്രകാരമുള്ള പ്രതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല, തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ട്, അക്രമം നടന്ന സ്ഥലത്തെ സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്, അതിനാൽ ജാമ്യം അനുവദിക്കരുത് എന്നിങ്ങനെയായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
പള്ളിത്തുറയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയായിരുന്നു ബെയ്‌ലിന്‍ പൊലീസിന്റെ പിടിയിലായത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ ബെയ്‌ലിന്‍ ദാസിനെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
ഓഫീസിലെ തര്‍ക്കത്തെ തുടര്‍ന്നാണ് പാറശാല സ്വദേശിയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലിക്ക് അതിക്രൂര മര്‍ദനമേറ്റത്. ഓഫീസിലെ ടൈപ്പിസ്റ്റിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് സീനിയര്‍ അഭിഭാഷകനായ ബെയ്ലിന്‍ ദാസ് ശ്യാമിലിയെ മര്‍ദിച്ചത്. പിന്നാലെ, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ബെയ്‌ലിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ നിയമമന്ത്രി പി. രാജീവ് ഇടപെട്ടിരുന്നു. വളരെ ഗൗരവതരമായ സംഭവമാണ് നമ്മുടെ നാട്ടില്‍ നടന്നത്. ഒരു സീനിയര്‍ അഭിഭാഷകന്‍ തന്റെ ജൂനിയറോട് ഇത്തരത്തില്‍ പെരുമാറുക എന്നത് കേരളത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും സർക്കാർ പരാതിക്കാരിക്കൊപ്പം ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.