ഗായകൻ ദിൽജിത് ദൊസഞ്ജിനെതിരെ ഹിന്ദു സംഘടനകള്‍; സംഗീത പരിപാടിയിൽ മദ്യവും മാംസവുമെന്ന് ആരോപണം

ബജ്രംഗ് ദളിൻ്റെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്
ഗായകൻ ദിൽജിത് ദൊസഞ്ജിനെതിരെ ഹിന്ദു സംഘടനകള്‍; സംഗീത പരിപാടിയിൽ മദ്യവും മാംസവുമെന്ന് ആരോപണം
Published on

ഗായകനും നടനുമായ ദിൽജിത് ദൊസഞ്ജിനെതിരെ തീവ്രഹിന്ദു സംഘടനകളുടെ പ്രതിഷേധം. ദിൽജിത്തിന്റെ സംഗീത പരിപാടിയിൽ മദ്യവും മാംസവും ഉപയോഗിച്ചെന്നാണ് ആരോപണം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ബജ്രംഗ് ദളിൻ്റെയും വിശ്വഹിന്ദു പരിഷത്തിൻ്റെയും നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.

മധ്യപ്രദേശിലെ ഇൻഡോറിൽ പ്രമുഖ ഗായകനും നടനുമായ ദിൽജിത് ദൊസഞ്ജിൻ്റെ സംഗീത പരിപാടി നടക്കുന്ന സ്ഥലത്ത് മദ്യവും മാംസവും വിറ്റുവെന്നാണ് ബജ്രംഗ് ദളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും ആരോപിക്കുന്നത്. മയക്കുമരുന്നിൻ്റെയും ലഹരിയുടെയും തുറന്ന വിപണനത്തിലൂടെ ഇൻഡോറിനെ പഞ്ചാബാക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമരത്തെ മധ്യപ്രദേശിലെ ബിജെപി എംഎല്‍എമാരും പിന്തുണച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദിൽജിത്തിൻ്റെ സംഗീത പരിപാടി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഹിന്ദു സംഘടനാ നേതാക്കള്‍ പ്രതിഷേധിക്കാനെത്തിയത്. വിവിധ മദ്യ ബ്രാൻഡുകളുടെ സ്റ്റാളുകളും മറ്റും ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ദൃശ്യങ്ങള്‍ സഹിതം കളക്ടറെ വിഷയം ബോധ്യപ്പെടുത്തിയെന്ന് വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങള്‍ അനുവദിക്കില്ലെന്ന് കളക്ടർ ഉറപ്പുനൽകിയെന്നും വിഎച്ച്പി അറിയിച്ചു. വേദി നിരീക്ഷിക്കാൻ പ്രവർത്തകരെയും ഹിന്ദു സംഘടനകള്‍ വിന്യസിച്ചിരുന്നു.

ലൗ ജിഹാദും, മദ്യവും മാംസവും തുറന്ന് വിളമ്പുന്നത് പോലെയുള്ള പ്രവൃത്തികളും ശ്രദ്ധയില്‍പെട്ടാല്‍ ഭരണകൂടത്തിൻ്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെ പ്രതികരിക്കുമെന്നും പ്രതിഷേധക്കാർ ഭീഷണി മുഴക്കി. മുറികളിൽ മാത്രമാണ് മദ്യം വിളമ്പാൻ സംഘാടകർക്ക് അനുമതി നൽകിയത് എന്നാണ് പൊലീസ് പറയുന്നത്. മദ്യവും മയക്കുമരുന്നും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന സര്‍ക്കാർ നേരത്തെ ദിൽജിതിന് നോട്ടിസ് അയച്ചിരുന്നു



Related Stories

No stories found.
News Malayalam 24x7
newsmalayalam.com