
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാർ പൊലീസ് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിക്കാൻ കോടതി പൊലീസിന് നിർദേശം നൽകി. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നാണ് കോടതിയുടെ പ്രാഥമിക കണ്ടെത്തൽ.
വൈദ്യ സഹായം നൽകണമെന്ന പ്രതിഭാഗത്തിൻ്റെ ആവശ്യം പരിഗണിച്ച് ഹരികുമാറിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹരികുമാറിനെ ചോദ്യം ചെയ്ത ശേഷമായിരിക്കും സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ അമ്മ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.
കുഞ്ഞിനെ കൊലപ്പെടുത്തിയത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന്‍റെ കരച്ചിൽ പോലും പ്രതി ഹരികുമാറിന് അരോചകമായെന്നാണ് കണ്ടെത്തല്‍. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് ഇനി അറിയേണ്ടത്. അതിനാൽ പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തേക്കും.
ജനുവരി 30നാണ് ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചയോടെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.