"അക്രമി വീട്ടിൽ നിന്ന് ഒന്നും കവർന്നില്ല, മുൻഗണന നൽകിയത് സെയ്ഫിനെ വേഗം ആശുപത്രിയിൽ എത്തിക്കാൻ"; കരീന കപൂറിൻ്റെ മൊഴി പുറത്തുവിട്ട് പൊലീസ്

വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ വസതിയിൽ നടന്ന ആക്രമണം ഓർത്തെടുത്ത കരീന കപൂർ, ആക്രമി സെയ്ഫ് അലി ഖാനെ ആവർത്തിച്ച് കുത്തുന്നത് കണ്ടതായി പൊലീസിന് മൊഴി നൽകി
"അക്രമി വീട്ടിൽ നിന്ന് ഒന്നും കവർന്നില്ല, മുൻഗണന നൽകിയത് സെയ്ഫിനെ  വേഗം ആശുപത്രിയിൽ എത്തിക്കാൻ"; കരീന കപൂറിൻ്റെ  മൊഴി പുറത്തുവിട്ട് പൊലീസ്
Published on

നടൻ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭാര്യ കരീന കപൂറിൻ്റെ മൊഴി പുറത്തു വിട്ട് പൊലീസ്. അക്രമി വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ഒന്നും കവർന്നില്ലെന്നും സെയ്ഫിനെ വേഗം ആശുപത്രിയിൽ എത്തിക്കാനാണ് മുൻഗണന നൽകിയതെന്നും കരീന കപൂർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതി വളരെ അക്രമാസക്തനായിരുന്നെന്നും കരീന പറഞ്ഞു.

വ്യാഴാഴ്ച പുലർച്ചെ ബാന്ദ്രയിലെ വസതിയിൽ നടന്ന ആക്രമണം ഓർത്തെടുത്ത കരീന കപൂർ, ആക്രമി സെയ്ഫ് അലി ഖാനെ ആവർത്തിച്ച് കുത്തുന്നത് കണ്ടതായി പൊലീസിന് മൊഴി നൽകി. "പ്രതി വളരെ ആക്രമാസക്തനായിരുന്നു. അവൻ സെയ്ഫിനെ ആവർത്തിച്ച് കുത്തുന്നത് ഞാൻ കണ്ടു. സെയ്ഫിനെ ആശുപത്രിയിൽ കൊണ്ടുപോകുക എന്നതിനായിരുന്നു ഞങ്ങൾ മുൻഗണന നൽകിയത്," അവർ പോലീസിനോട് പറഞ്ഞു. അക്രമി സംഭവസ്ഥലത്ത് നിന്ന് ഓടിയെന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നോടൊപ്പം കൊണ്ടുപോയില്ലെന്നും താരം കൂട്ടിച്ചേർത്തു.

സെയ്ഫ് മക്കളായ തൈമൂറിനെയും ജഹാംഗീറിനെയും സംരക്ഷിക്കാനാണ് ശ്രമിച്ചത്. അക്രമിക്ക് ജഹാംഗീറിനെ ആക്രമിക്കാൻ കഴിഞ്ഞില്ലെങ്കിലും, അയാൾ സെയ്ഫിനെ പലതവണ ആക്രമിച്ചെന്നും കരീന പറഞ്ഞു. സംഭവത്തിന് ശേഷം സഹോദരിയായ കരിഷ്മയുടെ വീട്ടിലേക്ക് പോയെന്നും നടി വ്യക്തമാക്കി. 

അതേസമയം പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ മുംബൈ പൊലീസ് പുറത്തുവിട്ടു. സെയ്ഫിൻ്റെ അപ്പാർട്ട്മെൻ്റിലെ ആറാം നിലയിലുള്ള ലിഫ്റ്റിനടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈൽ ഷോപ്പിൽ അക്രമി നിൽക്കുന്നതിൻ്റെ ​​ദൃശ്യങ്ങളും പുറത്തെത്തി.


സിസിടിവി ദൃശ്യങ്ങളിൽ പ്രതി ഒരു മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്നതായി കാണാം. എന്നാൽ ഈ ദൃശ്യങ്ങൾ സംഭവത്തിന് മുൻപുള്ളതാണോ, ശേഷമുള്ളതാണോ എന്നത് വ്യക്തമല്ല. കുറ്റകൃത്യം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു സ്റ്റോറിൽ നിന്നും ഇയാൾ ഹെഡ്‌ഫോൺ വാങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഇയാൾ നീല ഷർട്ട് ധരിച്ചാണുള്ളത്. ദാദറിലെ മൊബൈൽ സ്റ്റോറിലും ഇതേ ഷർട്ട് ധരിച്ചാണ് ഇയാളെ കണ്ടത്.

നടന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലി ഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സെയ്ഫിന് സാരമായ പരിക്കേറ്റിരുന്നു.


കഴിഞ്ഞ​ദിവസം, പുലർച്ചെയാണ് സെയ്‌ഫ് അലി ഖാനെ കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com