ബംഗ്ലാദേശ് വെള്ളപ്പൊക്കം; മരണസംഖ്യ 71 ആയി, ലക്ഷക്കണക്കിനാളുകൾ ഒറ്റപ്പെട്ടു

ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവാനാണ് സാധ്യത
ബംഗ്ലാദേശ് വെള്ളപ്പൊക്കം; മരണസംഖ്യ  71 ആയി, ലക്ഷക്കണക്കിനാളുകൾ ഒറ്റപ്പെട്ടു
Published on

ബംഗ്ലാദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 71 ആയതായി റിപ്പോർട്ട് . പ്രളയത്തെ തുടർന്ന് ലക്ഷക്കണക്കിനാളുകളാണ് ഒറ്റപ്പെട്ടത്. ഇടമുറിയാതെ പെയ്യുന്ന മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ ബംഗ്ലാദേശിലുടനീളം വ്യാപക നാശമാണുണ്ടായത്. ഏകദേശം അഞ്ച് ദശലക്ഷം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.


ഗുരുതരമായി പ്രളയം ബാധിച്ച 11 ജില്ലകളിൽ അവശ്യസാധനങ്ങളില്ലാതെ ജനം ദുരിതത്തിലാണ്. വെള്ളപ്പൊക്കത്തിൽ ഇതുവരെ 71 പേർ മരണപ്പെട്ടു. ജലജന്യ രോഗങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവാനാണ് സാധ്യത. ചികിത്സ നൽകുന്നതിനായി 500 ഓളം മെഡിക്കൽ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ജലജന്യ രോഗങ്ങൾ ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,000ത്തോളം പേർ ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് റിപ്പോർട്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സൈന്യവും വ്യോമസേനയും നാവികസേനയും സജീവമാണ്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. ധാക്കയിൽ, കനത്ത മഴയിൽ റോഡുകൾ വെള്ളത്തിനടിയിലായതോടെ സ്ഥിതി കൂടുതൽ വഷളായി. ഏകദേശം 282 ദശലക്ഷം ഡോളർ വിലമതിക്കുന്ന വിളകൾ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം അനുഭവിക്കേണ്ടി വന്ന  ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്നാണ് റിപ്പോർട്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com