ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷം, 105 മരണം; രാജ്യവ്യാപക കര്‍ഫ്യു പ്രഖ്യാപിച്ച് സര്‍ക്കാര്‍

ആയിരത്തോളം ആളുകളാണ് പൊലീസിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സ തേടിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന വിവരം
ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷം, 105 മരണം; രാജ്യവ്യാപക കര്‍ഫ്യു പ്രഖ്യാപിച്ച് സര്‍ക്കാര്‍
Published on

രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ബം​ഗ്ലാദേശിൽ കർഫ്യു ഏർപ്പെടുത്തി സർക്കാർ. സൈനിക നിയമങ്ങൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രശ്നങ്ങളിൽ അറുതി വരാത്തതോടെയാണ് ബം​ഗ്ലാദേശ് സർക്കാർ രാജ്യത്ത് കർഫ്യു ഏർപ്പെടുത്തുകയും സൈനികരെ വിന്യസിക്കുകയും ചെയ്തത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 105 പേർ മരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റാലികൾക്കും മറ്റ് പൊതു പരിപാടികൾക്കും നേരത്തെതന്നെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിരുന്നു. 1971ൽ പാകിസ്ഥാനെതിരായി നടന്ന വിമോചന സമരത്തിൽ പങ്കെടുത്തവരുടെ മക്കൾ ഉപ്പെടെയുള്ളവർക്കായി സിവിൽ സർവീസ് തസ്തികകൾ സംവരണ ചെയ്യുന്ന ക്വോട്ടാ സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രധാനമന്ത്രി ഷേഖ് ഹസീന സ്വജനപക്ഷപാതം കാണിച്ചുകൊണ്ട് സർക്കാർ അനുകൂല ഗ്രൂപ്പിലെ അംഗങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം കൂടുതലായും നൽകുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

പ്രതിഷേധക്കാർ മരിക്കാനുള്ള പ്രധാന കാരണം പൊലീസിൻ്റെ മർദനമാണെന്ന് കാണിച്ചുള്ള മെഡിക്കൽ വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ആയിരത്തോളം ആളുകളാണ് പൊലീസിൻ്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സ തേടിയിട്ടുള്ളത് എന്നാണ് പുറത്തു വരുന്ന വിവരം. പലർക്കും റബർ ബുള്ളറ്റ് കൊണ്ടുള്ള വെടിയേറ്റ് മുറിവേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com