
ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിൻ്റെ തലവനായി നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഔദ്യോഗിക വസതിയായ ബംഗഭബനിൽ വച്ചാണ് ചടങ്ങ് നടന്നത്.
17 വർഷങ്ങൾക്കു ശേഷമാണ് ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരത്തിലേറുന്നത്. മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ ഇടക്കാല സർക്കാരിൽ രാഷ്ട്രീയ പ്രതിനിധികളില്ലെന്നത് ശ്രദ്ധേയമാണ്. വിദ്യാർഥി, സൈനിക പ്രതിനിധികളും, സാമൂഹിക മനുഷ്യവകാശ പ്രവർത്തകരുമാണ് ഇടക്കാല സർക്കാരിലുള്ളത്. 16 അംഗങ്ങളാണ് ഉപദേശക സമിതിയിലുള്ളത്.
സർക്കാർ ജോലികളിലെ സംവരണത്തെ ചൊല്ലിയുള്ള പ്രക്ഷോഭത്തിനു പിന്നാലെയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെയ്ക്കുന്നുത്. പിന്നാലെ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി വക്കർ-ഉസ്-സമാൻ പറഞ്ഞിരുന്നു. സഹോദരിക്കൊപ്പം ഇന്ത്യയിലെത്തിയെ ഹസീന നിലവിൽ ഗാസിയാബാദിലാണുള്ളത്. യുകെയിൽ അഭയം തേടുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഹസീന എന്ന് രാജ്യം വിടും എന്നതിൽ വ്യക്തതയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
അതേസമയം, ബംഗ്ലാദേശിൽ ഇടക്കാല സർക്കാരിൻ്റെ അധികാരിയായി ചുമതലയേറ്റ മുഹമ്മദ് യൂനുസിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആംശസ നേർന്നു.ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി, സാധാരണ നിലയിലേക്ക് ബംഗ്ലാദേശ് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഷെയ്ഖ് ഹസീന രാജ്യത്ത് തുടരുന്നതിനാൽ ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.