'മമതയുടെ വാക്കുകള്‍ തീവ്രവാദികൾ വരെ മുതലെടുക്കും'; അഭയം നല്‍കുമെന്ന പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആരെങ്കിലും അഭയം തേടി വന്നാല്‍ അവര്‍ക്കായി ബംഗാളിന്റെ വാതിലുകള്‍ തുറന്നിടുമെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്.
'മമതയുടെ വാക്കുകള്‍ തീവ്രവാദികൾ വരെ മുതലെടുക്കും'; അഭയം നല്‍കുമെന്ന പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ്
Published on

ബംഗ്ലാദേശിലെ ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അതൃപ്തി അറിയിച്ച് രാജ്യം. ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് മമത നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരവും കൃത്യതയില്ലാത്തതുമാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വാദിച്ചതായാണ് സൂചന. സര്‍ക്കാര്‍ രാജ്യത്ത് സാമാധാനം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള മമതയുടെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ബംഗ്ലാദേശ് പറഞ്ഞു.

ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ആരെങ്കിലും അഭയം തേടി വന്നാല്‍ അവര്‍ക്കായി ബംഗാളിന്റെ വാതിലുകള്‍ തുറന്നിടുമെന്നായിരുന്നു മമത ബാനര്‍ജി പറഞ്ഞത്. എന്നാല്‍ ഇതിനെതിരെയാണ് ബംഗ്ലാദേശ് രംഗത്തെത്തിയത്. മമത ബാനര്‍ജിയുടെ പരാമര്‍ശം ഗുണകരമാവില്ലെന്നും ഇത്തരത്തില്‍ അഭയാര്‍ഥികള്‍ക്ക് അവസരം നല്‍കുന്നത് തീവ്രവാദികള്‍ക്കും അക്രമികള്‍ക്കും അടക്കം അവസരം മുതലെടുക്കാന്‍ സാഹചര്യമൊരുക്കുമെന്നുമാണ് ബംഗ്ലാദേശ് പറയുന്നത്.

ഒരു പരമാധികാര രാഷ്ട്രമായ ബംഗ്ലാദേശിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ആവശ്യം തനിക്കില്ല. പറയേണ്ട കാര്യങ്ങളെല്ലാം കേന്ദ്രത്തിന്റെ പരിഗണനയില്‍ വരുന്നതുമാണ്. പക്ഷെ നിസഹായരായ മനുഷ്യര്‍ ബംഗാളിന്റെ വാതിലില്‍ മുട്ടിയാല്‍ അവരെ ഉറപ്പായും ബംഗാള്‍ സംരക്ഷിക്കുമെന്നാണ് മമത ബാനര്‍ജി പറഞ്ഞത്. അഭയാര്‍ഥികളുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തെ കൂടി പരാമര്‍ശിച്ചു കൊണ്ടായിരുന്നു മമതയുടെ പ്രതികരണം.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ മമത പരാമര്‍ശിച്ച സാഹചര്യം ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നതല്ലെന്ന് ധാക്ക ചൂണ്ടിക്കാട്ടി. അതേസമയം മമത ബാനര്‍ജിയുടെ പ്രസ്താവനയില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് റിപ്പോര്‍ട്ട് തേടിയിരുന്നു.

വിദേശകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് കേന്ദ്രമാണ്, വിദേശത്ത് നിന്നുള്ളവരെ ഉള്‍ക്കൊള്ളുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ളതാണ്. എന്നാല്‍ ഇത് സംഭവിച്ച പരസ്യപ്രസ്താവന ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നടത്തുന്നത് ഗുരുതരമായ നിയമലംഘനം ആണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം ബംഗാളിനുള്ളിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാനും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ നിലനിര്‍ത്താനും സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും വിശദമാക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 167 പ്രകാരം ഈ വിഷയത്തില്‍ സമഗ്രമായ ഒരു റിപ്പോര്‍ട്ട് മുഖ്യമന്ത്രി നല്‍കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com