
വിവാദ തൊഴില്‍ സംവരണം പിന്‍വലിച്ചെങ്കിലും ബംഗ്ലാദേശിന്‍റെ തെരുവുകള്‍ ശാന്തമായിട്ടില്ല. തൊഴില്‍ സംവരണം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് രേഖാമൂലം പ്രസിദ്ധീകരിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ 48 മണിക്കൂർ സമയമാണ് പ്രതിഷേധക്കാർ സർക്കാരിന് അനുവദിച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾ അടങ്ങിയെങ്കിലും രാജ്യത്ത് ഇപ്പോഴും കർഫ്യു തുടരുകയാണ്.
രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങളിലേർപ്പെടുത്തിയ നിയന്ത്രണവും ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഉത്തരവ് രേഖാമൂലം പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കർഫ്യു തുടരുന്നത്.
കോടതി വിധി സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കണം, പ്രതിഷേധത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്ത നേതാക്കളെയും വിദ്യാർഥികളെയും മോചിപ്പിക്കണം, കർഫ്യു പിന്‍വലിച്ച്-ബുധനാഴ്ച മുതൽ അടച്ചിട്ട സർവകലാശാലകൾ തുറക്കണം, എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യം. 48 മണിക്കൂറിനുള്ളില്‍ ഈ ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ എന്തായിരിക്കും പ്രതിഷേധ മാർഗമെന്ന് വിദ്യാർഥി നേതാക്കള്‍ അറിയിച്ചിട്ടില്ല.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയ്ക്കെതിരെയാണ് രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കളുടെ നേതൃത്വത്തില്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പ്രതിഷേധം ആരംഭിച്ചത്. 2018 - ൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാർ നീക്കം ചെയ്ത സംവരണം ഹൈക്കോടതി പുനഃസ്ഥാപിച്ചതാണ് വ്യാപക പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇതിനെ തുടർന്ന് വിദ്യാർഥികളും സുരക്ഷാ സേനയും ഏറ്റുമുട്ടി 147 ജീവനുകളാണ് പൊലിഞ്ഞത്. 2500 ഓളം പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികൾ, സ്ത്രീകൾ, അവികസിത പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് നേരത്തെ 56% ക്വാട്ട നൽകിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി 93% സർക്കാർ ജോലിയും മെറിറ്റടിസ്ഥാനത്തിൽ ആകണമെന്നാണ് സുപ്രീംകോടതിയുടെ പുതിയ വിധി.