ബംഗ്ലാദേശിൽ 48 മണിക്കൂർ പ്രതിഷേധം നിർത്തിവെക്കും; തീരുമാനം അറിയിച്ച് വിദ്യാർഥി സംഘടന

ഇത്രയും രക്തം നൽകികൊണ്ട് ഒരു മാറ്റം ആവശ്യമില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു
ബംഗ്ലാദേശിലെ പ്രതിഷേധം
ബംഗ്ലാദേശിലെ പ്രതിഷേധം
Published on

ബംഗ്ലാദേശിൽ ദിവസങ്ങളായി നീണ്ടുനിൽക്കുന്ന പ്രതിഷേധം 48 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി നിർത്തിവെയ്ക്കാൻ വിദ്യാർഥി സംഘടനകൾ തീരുമാനിച്ചു. 'ഇത്രയും രക്തം നൽകികൊണ്ട് മാറ്റം ആവശ്യമില്ല. അതുകൊണ്ട് പ്രതിഷേധം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന്', എന്നാണ് പ്രധാന പ്രതിഷേധ സംഘാടകനായ സ്റ്റുഡൻ്റ്സ് എഗെയ്ൻസ്റ്റ് ഡിസ്ക്രിമിനേഷൻ്റെ ഉന്നത നേതാവ് നഹിദ് ഇസ്ലാം പറഞ്ഞത്.

രാജ്യത്ത് ഇന്‍റർനെറ്റ് സേവനങ്ങളിലേർപ്പെടുത്തിയ നിയന്ത്രണം ഇതുവരെ പിന്‍വലിച്ചിട്ടില്ല. തൊഴില്‍ സംവരണം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് രേഖാമൂലം പ്രസിദ്ധീകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പ് നിലനില്‍ക്കെയാണ് കർഫ്യു തുടരുന്നത്.

പക്ഷേ, ഇത്രയധികം ആളുകളുടെ ജീവൻ ബലി നൽകിയിട്ടും നാശനഷ്ടങ്ങൾ വരുത്തിവെച്ചുമുള്ള ക്വാട്ട പരിഷ്കരണം ആഗ്രഹിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധത്തിടെ പൊലീസ് ഓഫീസർമാർ ഉൾപ്പെടെ 163 പേർ ഏറ്റുമുട്ടലിൽ മരിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിഷേധം ആരംഭിച്ചതിന് ശേഷം ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ചില നേതാക്കൾ ഉൾപ്പെടെ തലസ്ഥാനത്ത് കുറഞ്ഞത് 532 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് വക്താവ് ഫറൂക്ക് ഹൊസൈൻ പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷം ഏതൊരു ഭരണകൂടവും നടത്തിയ ഏറ്റവും മോശമായ കൂട്ടക്കൊല എന്നാണ് അക്രമത്തെ പൊളിറ്റിക്സ് പ്രൊഫസറും ഇല്ലിനോയിസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രമുഖ ബംഗ്ലാദേശ് വിദഗ്ധനുമായ അലി റിയാസ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അതിക്രമങ്ങൾ ഭരണകൂടം ജനങ്ങളുടെ ജീവിതത്തിന് യാതൊരു പരിഗണന നൽകുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com