
അദാനി പവറിനെതിരെ കരാർ ലംഘന ആരോപണവുമായി ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയുടെ കാലത്ത് ഒപ്പുവെച്ച വെെദ്യുത വിതരണ കരാർ പ്രകാരം, ബംഗ്ലാദേശിന് കെെമാറേണ്ടിയിരുന്ന 28.6 ദശലക്ഷം ഡോളർ പൂഴ്ത്തിയെന്ന് ആരോപണം. കുടിശ്ശിക പ്രശ്നത്തെ തുടർന്ന് തകർക്കത്തിലുള്ള കരാർ പുനഃപരിശോധിക്കാനാണ് ഇടക്കാല സർക്കാരിന്‍റെ തീരുമാനം.
ജാർഖണ്ഡിലെ ഗോഡ്ഡ കല്‍ക്കരി പ്ലാന്‍റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വെെദ്യുതി ബംഗ്ലാദേശിന് കെെമാറാനുള്ള 2 ശതകോടിയുടെ കരാർ അദാനി ഗ്രൂപ്പ് ഒപ്പുവയ്ക്കുന്നത് 2017 ലാണ്. ഷെയ്ഖ് ഹസീനയുടെ കാലത്ത് ടെന്‍ഡറില്ലാതെ നേരിട്ടാണ് ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് ഈ 25 വർഷ കരാർ അനുവദിച്ചത്. കരാർ പ്രകാരം, വെെദ്യുതി വിതരണം ആരംഭിച്ചത് 2023 ജൂലെെയില്‍. തുടർന്ന് 2024 ജൂൺ 30 വരെയുള്ള കാലയളവിൽ 8.16 ശതകോടി യൂണിറ്റ് വെെദ്യുതിയാണ് ഗോഡ്ഡ പ്ലാന്‍റില്‍ നിന്ന് ബംഗ്ലാദേശിന് ലഭിച്ചത്.
ഇതിനിടെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കും, ഭരണ അട്ടിമറിയിലേക്കും പോയ ബംഗ്ലാദേശ് കോടികളുടെ കുടിശ്ശിക വരുത്തി. 900 ദശലക്ഷം ഡോളർ കുടിശ്ശികയുണ്ടെന്ന് അദാനി പവറും, ഏകദേശം 650 ദശലക്ഷം ഡോളറാണ് കുടിശ്ശികയെന്ന് ബംഗ്ലാദേശും വാദിക്കുന്നു. കുടിശ്ശിക തുക സംബന്ധിച്ച ഈ തർക്കത്തിനിടെ ഒക്ടോബർ അവസാനം ബംഗ്ലാദേശിലേക്കുള്ള വെെദ്യുത വിതരണം പകുതിയായി കുറച്ചു അദാനി പവർ.
ഗൗതം അദാനിയുടെ അദാനി പവറും ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡും 2017 നവംബർ 5ന് ഒപ്പുവച്ച ഈ കരാർ പ്രകാരം, പദ്ധതിയുടെ നികുതി മാറ്റങ്ങള്‍ ബംഗ്ലാദേശിനെ അറിയിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സർക്കാരില്‍ നിന്ന് പദ്ധതിക്ക് ലഭിക്കുന്ന നികുതി അളവിന്‍റെ ആനുകൂല്യം ബംഗ്ലാദേശിന് കെെമാറുകയും വേണം. ഈ രണ്ട് വ്യവസ്ഥകളും അദാനി ഗ്രൂപ്പ് പാലിച്ചില്ല എന്നാണ് ആരോപണം. നികുതി ആനുകൂല്യമായി അദാനി ഗ്രൂപ്പിന് ലഭിച്ച ലാഭത്തില്‍ നിന്ന് ഒരു യൂണിറ്റിന് 0.35 സെൻ്റ് എന്ന നിലയ്ക്ക് 28.6 ദശലക്ഷം ഡോളർ ലഭിക്കാനുണ്ടെന്നും ബംഗ്ലാദേശ് വാദിക്കുന്നു. ബംഗ്ലാദേശിൻ്റെ വൈദ്യുതി ഉപഭോഗത്തിൻ്റെ പത്തിലൊന്നും ഗോഡ്ഡയിലെ പ്ലാന്‍റില്‍ നിന്നാണ്.
എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വെെദ്യുത വിതരണത്തിലെ ശരാശരി വെെദ്യുത നിരക്കിന്‍റെ 55 ശതമാനം അധികമാണ് ഗോഡ്ഡയില്‍ നിന്നത്തെക്കുന്ന വെെദ്യുതിയുടെ നിരക്ക്. അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം ചുമത്തിയതിന്‍റെ കൂടി പശ്ചാത്തലത്തില്‍ അസാധാരണമായ ഈ കരാറിനു പിന്നില്‍ ക്രമക്കേടുണ്ടോ എന്ന് പരിശോധിക്കുകയാണ് ബംഗ്ലാദേശ്. ഓഗസ്റ്റില്‍ ജനാധിപത്യ പ്രതിഷേധങ്ങളെ തുടർന്ന് പുറത്തായ ഷെയ്ഖ് ഹസീന 2010 ലെ പ്രത്യേകാധികാര നിയമം ഉപയോഗിച്ചാണ് ടെന്‍ഡറില്ലാത്ത അദാനി ഗ്രൂപ്പിന് കരാർ അനുവദിച്ചത്.
മുഹമ്മദ് യുനൂസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ നവംബറില്‍ ഈ നിയമം റദ്ദാക്കി. ഹസീന ഒപ്പുവെച്ച പ്രധാന ഊർജ ഇടപാടുകളിലും വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പുറമെ, അദാനി ഗ്രൂപ്പുമായുള്ള ഇടപാടുകളില്‍ ബംഗ്ലാദേശ് കോടതി പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.,.