ബംഗ്ലാദേശ് കലാപം: വിവാദ സംവരണ ബില്ല് പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി

സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിൽ തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു
ബംഗ്ലാദേശ് കലാപം: വിവാദ സംവരണ ബില്ല് പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി
Published on

ആഭ്യന്തര പ്രക്ഷോഭത്തിന് കാരണമായ വിവാദ സംവരണ ബില്ല് പിൻവലിച്ച് ബംഗ്ലാദേശ് സുപ്രീം കോടതി. ഒരു ശതമാനം ആദിവാസി വിഭാഗങ്ങൾക്കും, മറ്റൊരു ശതമാനം അംഗപരിമിതർക്കുമായി സംവരണം ചെയ്തിട്ടുണ്ട്. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിൽ തീരുമാനിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയ്‌ക്കെതിരെ നടന്ന പ്രതിഷേധത്തിൽ ഏകദേശം 151 പേരാണ് മരിച്ചത്. നേരത്തെ ഉണ്ടായിരുന്ന ക്വാട്ട സമ്പ്രദായം, 2018ൽ ഷെയ്ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനം കീഴ്‌ക്കോടതി റദ്ദാക്കിയതോടെ ബംഗ്ലാദേശിൽ വലിയ പ്രക്ഷോഭമാണ് പൊട്ടിപ്പുറപ്പെട്ടത്. ഈ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.

അതേസമയം, ഷെയ്ഖ് ഹസീന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രിത കർഫ്യുവിനൊപ്പം, രാജ്യത്ത് ഷൂട്ട് ഓൺ സൈറ്റ് ഓർഡറും നൽകിയിരുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനെ തുടർന്നാണ് സർക്കാർ രാജ്യത്ത് ദേശീയ കർഫ്യൂ ഏർപ്പെടുത്തുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തത്. ജനങ്ങൾക്ക് അവശ്യ ജോലികൾ ചെയ്യാനായി ശനിയാഴ്ച ഉച്ചയോടെ കർഫ്യൂ ഭാഗികമായി നീക്കിയിരുന്നു. എന്നാൽ അനാവശ്യ യാത്രകളും കൂടിച്ചേരലുകളും സർക്കാർ നിരോധിച്ചിരുന്നു.

ബംഗ്ലാദേശില്‍ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ തിരികെ എത്തിച്ചു തുടങ്ങി. ഇതുവരെ ആയിരത്തോളം പേരെയാണ് തിരികെയെത്തിച്ചത്. ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സിവില്‍ ഏവിയേഷന്‍, ഇമിഗ്രേഷന്‍, ലാന്‍ഡ് പോര്‍ട്ടുകള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നിവയെ ഏകോപിപ്പിച്ചാണ് ഇന്ത്യന്‍ പൗരൻമാരെ നാട്ടില്‍ എത്തിക്കുന്നത്.

കഴിഞ്ഞ മാസം അവസാനത്തോടെയാണ് ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. 1971ലെ സംവരണ സംവിധാനം വീണ്ടും പ്രാവര്‍ത്തികമാക്കുവാന്‍ പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. വിവാദ സംവരണ നിയമപ്രകാരം സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം ക്വോട്ട 1971ലെ പാകിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്കാണ്. എന്നാല്‍ ഈ ക്വോട്ടയുടെ സൗകര്യം കിട്ടുന്നത് ഷേയ്ക്ക് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ആണെന്നാണ് ആരോപണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com