വെള്ളക്കെട്ടിൽ കാറ് മുങ്ങി: ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വെള്ളം കയറിയത് ശ്രദ്ധയിൽ പെട്ടെങ്കിലും വെള്ളത്തിൻ്റെ ഉയരം എത്രയെന്ന് കണക്കാക്കാൻ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം
വെള്ളക്കെട്ടിൽ കാറ് മുങ്ങി: ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം
Published on

ഫരീദാബാദിലുണ്ടായ വെള്ളക്കെട്ടിൽ കാറ് മുങ്ങി  ബാങ്ക് മാനേജരും കാഷ്യറും മരിച്ചു. ഗുരുഗ്രാമിലെ സെക്ടർ 31ലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ശാഖയിലെ മാനേജരായിരുന്ന പുണ്യശ്രേയ ശർമ്മയും അവിടെ കാഷ്യറായിരുന്ന വിരാജ് ദ്വിവേദിയുമാണ് മരിച്ചത്. വൈകുന്നേരം മഹീന്ദ്ര എസ് യു വി 700 കാറിൽ ഫരീദാബാദിലേക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്ന്  പൊലീസ് പറഞ്ഞു.

ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വെള്ളം കയറിയത് ശ്രദ്ധയിൽ പെട്ടെങ്കിലും വെള്ളത്തിൻ്റെ ഉയരം എത്രയെന്ന് കണക്കാക്കാൻ ഇവർക്ക്  കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വാഹനം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയതിനെ തുടർന്ന് ഇരുവരും വാഹനത്തിൽ നിന്ന് ഇറങ്ങി നീന്തി രക്ഷപെടാൻ ശ്രമിച്ചെങ്കിലും മുങ്ങിമരിക്കുകയായിരുന്നു.

ഒരു എസ്‌യുവി കുടുങ്ങിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു സംഘം അണ്ടർപാസിലെത്തിയെന്നും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പുണ്യശ്രേയ ശർമ്മയുടേയും വിരാജ് ദ്വിവേദിയുടേയും മൃതദേഹം ലഭിച്ചതെന്നും  ഉദ്യോഗസ്ഥർ അറിയിച്ചു. ദേശീയ തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും  തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ തുടരുകയാണ്. തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലെ ന്യൂനമർദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com