
32-ാം വിവാഹ വാർഷികം ആഘോഷിച്ച് മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക്ക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. ഇരുവരും സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വിശേഷ ദിവസത്തിലെ സന്തോഷം ലോകത്തോട് പങ്കുവെച്ചു. 1992ലാണ് ഒബാമയും മിഷേലും വിവാഹിതരായത്.
ആർട്ട് മ്യൂസിയത്തില്‍ മിഷേലിനെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോയാണ് ഒബാമ എക്സില്‍ പങ്കുവെച്ചത്. ആല്‍വിന്‍ ഐലെയുടെ ഡാന്‍സ് പോസ്റ്ററിനു മുന്നില്‍ നില്‍ക്കുന്ന ദമ്പതികള്‍ പരസ്പരം കെട്ടിപ്പിടിച്ച് പുഞ്ചിരിക്കുന്നത് ഫോട്ടോ.
'വിവാഹ വാർഷിക ആശംസകള്‍ മിഷേല്‍, 32 വർഷം ഒരുമിച്ച്, എനിക്ക് ഈ ജീവിതത്തില്‍ ഇതിലും മികച്ച ഒരു പങ്കാളിയെയും സുഹൃത്തിനെയും കിട്ടുമായിരുന്നില്ല', എക്സില്‍ ഫോട്ടോയ്‌ക്കൊപ്പം ഒബാമ കുറിച്ചു.
Also Read: വോട്ട് ചെയ്യണമെന്ന് ട്രംപിൻ്റെ എക്സ് പോസ്റ്റ്: ട്രംപോ, കമലാ ഹാരിസോ എൻ്റെ പ്രസിഡൻ്റാകില്ലെന്ന മറുപടിയുമായി ഇന്ത്യൻ വംശജൻ
ഒബാമയ്ക്ക് പിന്നാലെ മിഷേലും ഇതേ ചിത്രം തന്നെ എക്സില്‍ പങ്കുവെച്ചു. ഒപ്പം ഒരു സന്ദേശവും.
'ആക്ഷൻ പാക്ക്ഡായ 32 വർഷങ്ങൾ! എല്ലാത്തിനും ഇടയിൽ, എപ്പോഴും എന്നെ പിന്തുണച്ചതിന് എൻ്റെ ഒപ്പമുണ്ടായിരുന്നതിന്, എന്നെ സന്തോഷിപ്പിക്കാനുള്ള വഴികൾ കണ്ടെത്തിയതിന്, നന്ദി. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, @BarackObama, ഫോട്ടോയ്ക്കൊപ്പം മിഷേല്‍ കുറിച്ചു.
മുന്‍ യുഎസ് പ്രസിഡന്‍റിന്‍റെയും ഭാര്യയുടെയും പോസ്റ്റുകള്‍ക്കു താഴെ ആശംസകളുമായി നിരവധിപോരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. 'നിങ്ങള്‍ ജീവിതത്തില്‍ വിജയിച്ചിരിക്കുന്നു, നിങ്ങളെ ഓർത്ത് സന്തോഷം മാത്രം' എന്നാണ് ഒരു എക്സ് യൂസർ കമന്‍റ് ചെയ്തത്. ദമ്പതികളുടെ ജീവിതത്തിലെ പ്രണയത്തിന് സമാനമായ ഒന്ന് ആഗ്രഹിക്കുന്നവരെയും കമന്‍റ് സെക്ഷനില്‍ കാണാം. 'ബരാക്ക് നിങ്ങൾക്ക് മരുമകനുണ്ടോ. എനിക്കും ബരാക്ക്- മിഷേല്‍ പ്രണയകഥ പോലൊന്ന് വേണം' എന്നായിരുന്നു ഒരു കമന്‍റ്.
ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. 26കാരി മിയയും 23കാരി സാഷയും.