തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും; അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം

നൂറ് കണക്കിന് വിശ്വാസികളാണ് ആശുപത്രിയിൽ നിന്ന് കോതമംഗലത്തേക്കുള്ള വിലാപ യാത്രയിൽ വഴിയരികിൽ അന്ത്യോപചാരം അർപ്പിക്കാൻ കാത്തുനിന്നത്
തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും; അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരം
Published on

ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ സംസ്കാര ശുശ്രൂഷകൾ ഇന്ന് ആരംഭിക്കും. രാവിലെ എട്ടു മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ വിശുദ്ധ കുർബാനയോടെയാണ് ശുശ്രൂഷകൾ ആരംഭിക്കുക. കബറടക്കം നാളെ വൈകിട്ട് നാലിന് സഭാ ആസ്ഥാനമായ പുത്തൻകുരിശിൽ നടക്കും. ഇന്നലെ രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതികശരീരം കോതമംഗലത്തെ ചെറിയ പള്ളിയിലേക്ക് എത്തിച്ചിരുന്നു. നൂറ് കണക്കിന് വിശ്വാസികളാണ് ആശുപത്രിയിൽ നിന്ന് കോതമംഗലത്തേക്കുള്ള വിലാപ യാത്രയിൽ വഴിയരികിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്.

സഹനത്തിന്‍റെയും സത്യഗ്രഹങ്ങളുടെയും താപസൻ എന്നറിയപ്പെട്ടിരുന്ന കാത്തോലിക്കാ ബാവയുടെ ജീവിതം, 1974ൽ മെത്രാപ്പോലീത്ത ആയത് മുതലുള്ള അര നൂറ്റാണ്ട് മുഴുവൻ യാക്കോബായ വിഭാഗത്തിനായുള്ള സമരമായിരുന്നു. അന്ത്യോക്യയിൽ വിശ്വാസമർപ്പിച്ച പാവങ്ങൾക്കായി ബാവ നടത്തിയ പോരാട്ടമാണ് പുത്തൻകുരിശ് ആസ്ഥാനമായി മലങ്കര യാക്കോബായ സുറിയാനി സഭയുടെ പിറവിക്കു പിന്നിൽ.

"മുക്കാൽ നൂറ്റാണ്ടായി കുരിശു ജീവിതം നയിക്കുന്ന സഭാ മക്കളേ," 2002ൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷനായി ചുമതലയേറ്റ് കാതോലിക്കയായി വാഴിക്കപ്പെട്ടപ്പോൾ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങളായി പിരിഞ്ഞ് സംഘർഷഭരിതമായ കാലത്തു മുഴുവൻ സഹനത്തിന്‍റെ കുരിശ് ചുമന്നവരിൽ മുൻ നിലയിലുണ്ടായിരുന്നത് അന്നു ചുമതലയേറ്റ ഈ കാതോലിക്കാ ബാവയായിരുന്നു.

പുത്തൻകുരിശ് വടയമ്പാടിയിൽ ദരിദ്രസാഹചര്യങ്ങളിലായിരുന്നു ചെറുവിള്ളിൽ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി സി എം തോമസ് ജനിച്ചത്. നാലാം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം അഞ്ചലോട്ടക്കാരനായി കുടുംബം പോറ്റാനിറങ്ങിയ തോമസ് വളരെവേഗം ദൈവവഴിയിലേക്കെത്തി. പ്രാർത്ഥനാ നിർഭരമായിരുന്ന കുട്ടിക്കാലത്തുനിന്ന് കണ്ടെത്തിയ ദൈവവഴി പക്ഷേ, സംഘർഷഭരിതമാകുന്നതാണ് പിന്നീട് കണ്ടത്.

95 വയസുള്ള തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിനു നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com